കേരളത്തെ കണ്ടുപഠിക്കണമെന്ന് കേന്ദ്രം; സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം

പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ് വ്യവസായ വകുപ്പ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്.

News18 Malayalam | news18-malayalam
Updated: February 17, 2020, 10:46 AM IST
കേരളത്തെ കണ്ടുപഠിക്കണമെന്ന് കേന്ദ്രം; സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം
girls-school
  • Share this:
തിരുവനന്തപുരം: കേരളം വിജയകരമായി നടപ്പാക്കിയ സ്കൂൾ യൂണിഫോം പദ്ധതിയെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി മാതൃകയാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം ഇവര്‍ക്കെല്ലാം കത്തെഴുതി.

ഓരോ സംസ്ഥാനങ്ങളിലെയും കൈത്തറി ഡയറക്ടര്‍മാര്‍ക്കാണ് ഫെബ്രുവരി 11 ന് കത്തയച്ചത്. കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തുകയും വിജയകരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

also read:നടുക്കടലിൽ വീണ സാമുവൽ ജീവിതത്തിലേക്ക് നീന്തി; 20 മണിക്കൂർ കൊണ്ട്

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കാനും മെച്ചപ്പെട്ട കൂലി നല്‍കാനും കേരളത്തിന് സാധിച്ചുവെന്ന് ടെക്സ്റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കൈത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നടത്തിയ പഠന റിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്.

കൈത്തറി യൂണിഫോം പദ്ധതി കേരളത്തിലെ കൈത്തറിമേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യൂണിഫോം പദ്ധതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാക്കിയതായി കേരളത്തിലെ 96 ശതമാനം നെയ്ത്തുകാരും പറയുന്നു. കൈത്തറി യൂണിഫോം ധരിക്കുന്നതില്‍ 98 ശതമാനം കുട്ടികളും പൂര്‍ണ തൃപ്തരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ് വ്യവസായ വകുപ്പ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നെയ്ത്തുകാര്‍ക്ക് നൂലും കൂലിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. ഇതോടെ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കൈത്തറി സംഘങ്ങളും സജീവമായി. പല സംഘങ്ങളും നെയ്യുന്ന തുണിയുടെ അളവ് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചു. തൊഴിലാളികള്‍ക്ക് നാമമാത്ര കൂലി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വര്‍ഷം ശരാശരി ഒരു ലക്ഷം രൂപയിലധികം ലഭിക്കുന്നു.വര്‍ഷം ഏതാനും ദിവസങ്ങള്‍ മാത്രം ജോലി ചെയ്തവര്‍ക്ക് ഇപ്പോള്‍ വര്‍ഷം മുഴുവന്‍ ജോലിയായി. പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറിയുടെ തിരിച്ചുവരവിന് പദ്ധതി കൈത്താങ്ങായി. യൂണിഫോം പദ്ധതിയിലൂടെ 5200 ഓളം നെയ്ത്തുകാര്‍ക്ക് നേരിട്ടും അതിലധികം പേര്‍ക്ക് അനുബന്ധമേഖലകളിലും ജോലി ലഭിച്ചു. മറ്റുമേഖലകളിലേക്ക് ജോലി തേടിപ്പോയ നിരവധി നെയ്ത്തുകാര്‍ തിരിച്ചെത്തി. യുവാക്കള്‍ കടന്നുവരികയും ചെയ്തു.

മൂന്നു വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തു. അടുത്ത അദ്ധ്യയനവര്‍ഷം 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുണി വിതരണം ചെയ്യും. 2020 ഏപ്രില്‍ ഒന്നിന് തുടങ്ങി മെയ് 15 നു മുമ്പ് വിതരണം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയും എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുമുള്ള 8.45 ലക്ഷം കുട്ടികള്‍ക്കും ഇതേ ക്ലാസ്സുകളില്‍ പുതുതായി എത്തുന്ന ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കുമാണ് അടുത്ത അദ്ധ്യയന വര്‍ഷം യൂണിഫോം തുണി ലഭ്യമാക്കുക.

48.75 ലക്ഷം മീറ്റര്‍ തുണി ഇതിനാവശ്യമാണ്. ഇതില്‍ 90 ശതമാനം നെയ്തു കഴിഞ്ഞു. പദ്ധതി മുഴുവന്‍ ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികളും സജീവമായി പുരോഗമിക്കുന്നു. കഴിഞ്ഞ മാസം നെയ്ത്തു തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചു. ദിവസ വേതനത്തില്‍ 170 രൂപ മുതല്‍ 186 രൂപയുടെ വരെ വര്‍ദ്ധനവുണ്ടായി. 2009 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂലി പരിഷ്‌ക്കരിച്ച ശേഷം ആദ്യമായാണ് മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍