• HOME
  • »
  • NEWS
  • »
  • kerala
  • »
  • Muttil Tree Felling| മുട്ടില്‍ മരംമുറി കേസ്: ആരോപണവിധേയനായ എന്‍ ടി സാജന്‍റെ പുതിയ നിയമനം സ്റ്റേ ചെയ്തു

Muttil Tree Felling| മുട്ടില്‍ മരംമുറി കേസ്: ആരോപണവിധേയനായ എന്‍ ടി സാജന്‍റെ പുതിയ നിയമനം സ്റ്റേ ചെയ്തു

വിഷയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ മറുപടി തേടി. വ്യാഴാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.

  • Share this:
    മുട്ടിൽ മരംമുറി കേസില്‍ (Muttil Tree Felling Case) ആരോപണവിധേയനായ ഡെപ്യൂട്ടി കൺസർവേറ്റ‍ർ എന്‍ ടി സാജന് (NT Sajan) ചീഫ് കൺസർവേറ്ററുടെ അധികാരം നൽകിയ സർക്കാർ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ദക്ഷിണമേഖലാ ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാർ നൽകിയ ഹർജിയിലാണ് നടപടി. വിഷയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിന്റെ മറുപടി തേടി. വ്യാഴാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.

    വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും നടത്തിയ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു. പ്രതിഷേധങ്ങള്‍ തള്ളിക്കളഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെയാണ് പരാതിക്കാര്‍ ഹര്‍ജിയുമായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

    ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍, കൊല്ലം സോഷ്യല്‍ ഫോറസ്ട്രി ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എന്‍ ടി. സാജന്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി ഉത്തരവിറക്കിയത്. സഞ്ജയന്‍ കുമാറിനെ വര്‍ക്കിങ് പ്ലാനിലേക്കും വിനോദ് കുമാറിനെ കൊല്ലം സോഷ്യല്‍ ഫോറസ്ട്രിയിലേക്കും എന്‍ ടി സാജനെ ദക്ഷിണമേഖലാ സിസിഎഫിന്റെ ചുമതല നല്‍കിയും ആര്‍ കീര്‍ത്തിയെ ഉത്തരമേഖലയിലേക്കുമാണ് മാറ്റിയത്. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ ഈ ഉദ്യോഗസ്ഥര്‍ പ്രസ്തുത ചുമതലകള്‍ ഏറ്റെടുത്തിട്ട്. വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഇങ്ങനെ ഒരു സ്ഥലംമാറ്റത്തിന് ശുപാര്‍ശ ചെയ്തിരുന്നില്ലെന്നാണ് സൂചന.

    Also Read- Accident| നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ല; കുറ്റ്യാടി പുഴയോരത്ത് കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ

    എൻ ടി സാജൻ വിരമിക്കാൻ ഇനി ആറു മാസം മാത്രമാണുള്ളത്. മുട്ടില്‍ മരം മുറി വിവാദത്തോട് അനുബന്ധിച്ച് ഉണ്ടായ മണിക്കുന്ന് മല മരം മുറി സംഭവത്തില്‍ എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ്: ഡി കെ വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സര്‍ക്കിള്‍ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുമ്പോള്‍, സോഷ്യല്‍ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാര്‍ സാജന് കീഴിലാവും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനത്തിനു പോലും തടസ്സം സൃഷ്ടിച്ചേക്കാമെന്നാണ് ആക്ഷേപം.

    നേരത്തേ സാജനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കാന്‍ ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് പുറപ്പെട്ടപ്പോള്‍ വനം മന്ത്രിയാണ് തടഞ്ഞത്. മരം മുറി വിവാദത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഈ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേക്ക് തിരികെ നിയമിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു. ആ നീക്കം തടസ്സപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം വിവാദമായിരിക്കുന്നത്.
    Published by:Rajesh V
    First published: