HOME » NEWS » Kerala » CENTRAL COMMITTEE TO BE IN KERALA TO MONITOR ELECTION PREPARATIONS MM TV TGS

നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തുന്നു

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗസംഘം എത്തുന്നു

News18 Malayalam | news18-malayalam
Updated: January 9, 2021, 5:35 PM IST
നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തുന്നു
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്നംഗസംഘം എത്തുന്നു. 21 ന് തിരുവനന്തപുരത്തും 22ന് കണ്ണൂരിലും എറണാകുളത്തും ആയി പ്രത്യേക യോഗങ്ങൾ ചേരും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പ്രധാന ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ചർച്ച നടത്തും.

പ്രശ്നസാധ്യത മേഖല എന്ന് വിലയിരുത്തി പ്രത്യേക പരിഗണന നൽകിയാണ് കണ്ണൂരിൽ യോഗം ചേരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു.

പോലീസ് മേധാവിയായി ബെഹ്‌റയ്‌ക്ക്‌ തുടരാം

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടേണ്ടി വരുന്ന മൂന്ന് വർഷത്തിലധികമായി സ്ഥാനത്ത് തുടരുന്ന ഉദ്യോഗസ്ഥരെ മാറ്റണം എന്നാണ് ചട്ടം. മൂന്നു വർഷത്തിലധികമായി സംസ്ഥാന പോലീസ് മേധാവിയായി തുടരുകയാണെങ്കിലും ലോക്നാഥ് ബഹ്റക്ക് ഇത് ബാധകമാവില്ല. ഐ.ജി. തലത്തിൽ ഉള്ളവർക്ക് മാത്രമാണ് ഇത് ബാധകമാവുക എന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു. എന്നാൽ പോലീസ് മേധാവിക്കെതിരെ ഏതെങ്കിലും പരാതി ഉന്നയിക്കപ്പെട്ടാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ മാറ്റം വരുത്താൻ കഴിയും.

കോവിഡ്‌ ആക്ഷൻ പ്ലാൻ തയ്യാറാവുന്നു

കോവിഡ് പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഒരാഴ്ചയ്ക്കുള്ളിൽ പ്ലാൻ ആരോഗ്യവകുപ്പ് സമർപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നതിനാൽ നടപടിക്രമങ്ങൾ വലിയ സങ്കീർണമാകും എന്നാണ് കമ്മീഷൻ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുസംബന്ധിച്ച് വലിയ പാളിച്ചകൾ ഉണ്ടായി എന്നാണ് ജില്ലാ കളക്ടർമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇത് പരിഹരിക്കുന്ന തരത്തിലാവും പുതിയ പ്ലാൻ തയ്യാറാക്കുക.



80 വയസു കഴിഞ്ഞവർ ആറു ലക്ഷത്തിലധികം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പുറമേ മൂന്നു വിഭാഗത്തിൽ ഉള്ളവർക്കാണ് ഇത്തവണ പോസ്റ്റൽ വോട്ട് അനുവദിക്കുക .

80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് രോഗികളും നിരീക്ഷണത്തിനുള്ളവരും, ഭിന്നശേഷിക്കാർ എന്നിവർക്കാണ് പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്യുക. ഈ വിഭാഗത്തിൽ പോസ്റ്റൽ ബാലറ്റ് ആവശ്യമുള്ളവർ നേരത്തെതന്നെ കമ്മീഷനെ അറിയിക്കണം. പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയാൽ ഇത്തരക്കാർ പിന്നീട് ബൂത്തുകളിൽ നേരിട്ട് എത്തി വോട്ടു ചെയ്യാൻ അനുവദിക്കില്ല.

പോസ്റ്റൽ വോട്ട് തെരഞ്ഞെടുത്തവരുടെ നേരെ വോട്ടർപട്ടികയിൽ പി ബി എന്ന് രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യമുള്ളവർ പോസ്റ്റൽ ബാലറ്റിനായി റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ നൽകണം. നേരിട്ട് വോട്ട് ചെയ്യാൻ എത്തുന്ന കോവിഡ് രോഗികൾ പി.പി.ഇ. കിറ്റ് സ്വയം വാങ്ങണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായുള്ള സുരക്ഷാ ഉപകരണങ്ങൾ കമ്മീഷൻ വിതരണം ചെയ്യും.
Published by: user_57
First published: January 9, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories