HOME » NEWS » Kerala » CENTRAL GOVERNMENT IMPOSES TAX ON VACCINE IS TREASON SAYS MV JAYARAJAN

'സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് നികുതി ഏര്‍പ്പെടുത്തിയത് രാജ്യദ്രോഹം'; എം വി ജയരാജന്‍

മനസ്സില്ലാമനസോടെയാണ് കേന്ദ്രസര്‍ക്കാര്‍ 75 ശതമാനം വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചതെന്ന് ഇപ്പോള്‍ 25 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 13, 2021, 3:59 PM IST
'സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് നികുതി ഏര്‍പ്പെടുത്തിയത് രാജ്യദ്രോഹം'; എം വി ജയരാജന്‍
എം.വി ജയരാജൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ദുരിതകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി രാജ്യദ്രോഹമാണെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. മനസ്സില്ലാമനസോടെയാണ് കേന്ദ്രസര്‍ക്കാര്‍ 75 ശതമാനം വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചതെന്ന് ഇപ്പോള്‍ 25 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം തെളിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിന് മാത്രമല്ല വാക്‌സിന്‍ നിര്‍മാണ വസ്തുക്കള്‍ക്കും ആര്‍ടിപിസിആര്‍ മെഷീനുകള്‍ക്കും വൈറസ് ജനിതക വ്യതിയാന നിര്‍ണ്ണയ മെഷീനുകള്‍ക്കും 18 ശതമാനം ജിഎസ്ടി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ വ്യക്തമാക്കി. ഇന്ധനവില പ്രതിദിനം വര്‍ധിപ്പിക്കുന്ന കടുത്ത ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളെല്ലാം തള്ളുകയാണെന്ന്  എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read-80:20 സ്കോളർഷിപ്പ്: 'കോടതിവിധി കേരളത്തിലെ സാമൂഹ്യാവസ്ഥ പരിഗണിക്കാതെ' സിപിഎം നേതാവ് എംവി ജയരാജൻ

എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാക്‌സിന്‍ നികുതി - കടുത്ത രാജ്യദ്രോഹം

സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ദുരിതകാലത്ത് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്.ഈ നടപടിയാണ് യഥാര്‍ത്ഥ രാജ്യദ്രോഹം. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായിരുന്നു. അത് ബിജെപി സര്‍ക്കാര്‍ നിര്‍ത്തലാക്കി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നു. സംസ്ഥാനങ്ങളുടെ ആവിശ്യവും കോടതിയുടെ ഇടപെടലും മൂലം മനസ്സില്ലാമനസ്സോടെയാണ് കേന്ദ്രസര്‍ക്കാര്‍ 75% വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചതെന്ന് ഇപ്പോള്‍ 25% നും നികുതി ചുമത്താനുള്ള തീരുമാനം തെളിയിക്കുന്നു.

വാക്‌സിന് മാത്രമല്ല വാക്‌സിന്‍ നിര്‍മ്മാണ വസ്തുക്കള്‍ക്കും RTPCR മെഷീനുകള്‍ക്കും വൈറസ് ജനിതക വ്യതിയാന നിര്‍ണ്ണയ മെഷീനുകള്‍ക്കും 18% ജിഎസ്ടി തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ വ്യക്തമാക്കി. ചില കോവിഡ് മരുന്നുകള്‍ക്ക് സപ്തംബര്‍ 30 വരെ ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന് നികുതി ഏര്‍പ്പെടുത്തിയത് ഒട്ടും ശരിയായില്ലെന്നും കേരളം ജിഎസ്ടി കൗണ്‍സിലില്‍ പറയുകയുണ്ടായി.

എല്ലാ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും ഈ ദുരിതകാലത്ത് നികുതി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.ഇന്ധനവില പ്രതിദിനം വര്‍ധിപ്പിക്കുന്ന കടുത്ത ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ അഭിപ്രായങ്ങളെ എല്ലാം തള്ളുകയാണ് ചെയ്തത്.
Published by: Jayesh Krishnan
First published: June 13, 2021, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories