കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദര്ശന് പദ്ധതിയില്‍ കേരളത്തില്‍ നിന്നു കുമരകവും ബേപ്പൂരും ഉള്‍പ്പെടുത്തി. 19 സംസ്ഥാനങ്ങളിലെ 36 വിനോദസഞ്ചാരകേന്ദ്രങ്ങളാണു രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലാണ് കേരളത്തിൽ നിന്നും കുമരകവും ബേപ്പൂരും ഇടം നേടിയിരിക്കുന്നത്. കര്‍ണാടകയിലെ ഹംപി, മൈസൂരു നഗരങ്ങളും പദ്ധതിയിലുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനമെന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നത്. ‘സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ‘- മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ. സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ വികസനത്തിനുള്ള സാധ്യതകൾ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. പദ്ധതികൾ സമബന്ധിതമായി നടപ്പാക്കാനുള്ള ഇടപെടലും സഹായവും ടൂറിസം വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. കൊവിഡാനന്തരം അന്തർദേശീയ തലത്തിൽ തന്നെ കേരള ടൂറിസം ശ്രദ്ധേയമായ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ നിർദേശം അംഗീകരിച്ച് ഡെസ്റ്റിനേഷനുകളെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
1,151 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ക്രേന്ദ്രസര്ക്കാരിന്റെ നേതൃത്വത്തില്‍ 2014-15ലാണു സ്വദേശ് ദര്ശന് പദ്ധതി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ അനുവദിച്ച 76 പദ്ധതികളില്‍ 52 എണ്ണവും പൂര്‍ത്തിയായെന്ന് ക്രേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.