• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വാക്സിന്റെ വില കൂട്ടിയ നടപടി; ജനങ്ങളുടെ ആരോഗ്യത്തെ കേന്ദ്ര സർക്കാർ കച്ചവടച്ചരക്കാക്കുന്നു: എംകെ മുനീർ

കോവിഡ് വാക്സിന്റെ വില കൂട്ടിയ നടപടി; ജനങ്ങളുടെ ആരോഗ്യത്തെ കേന്ദ്ര സർക്കാർ കച്ചവടച്ചരക്കാക്കുന്നു: എംകെ മുനീർ

കഴിഞ്ഞ 70 വര്‍ഷക്കാലമായി രാജ്യം പിന്തുടരുന്ന ഈ രീതി അവലംബിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിന്റെ അര്‍ത്ഥം  എന്താണ് ?

എം.കെ മുനീർ

എം.കെ മുനീർ

  • Share this:
    കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് പുതുക്കിയ  വാക്‌സിന്‍ നിരക്ക്. അതേസമയം കേന്ദ്ര സര്‍ക്കാരിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും.

    സംസ്ഥാനങ്ങള്‍ക്ക് അധികവിലക്ക് വാക്‌സിന്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം. പൊതുജനങ്ങളുടെ ആരോഗ്യം പോലും കച്ചവടമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. 70 വര്‍ഷക്കാലമായി രാജ്യം പിന്തുടരുന്ന രീതിക്കെതിരാണിതെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

    മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഈ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം. വാക്‌സിന്‍ വിതരണം സെന്‍ട്രല്‍ ഗവണ്മെന്റ് ഏറ്റെടുക്കണം. എല്ലാ സംസ്ഥാനങ്ങളുടെയും സാമ്പത്തികാവസ്ഥ പരിഗണിച്ചു നീതിപൂര്‍വകമായ വിതരണം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാവണം. കഴിഞ്ഞ 70 വര്‍ഷക്കാലമായി രാജ്യം പിന്തുടരുന്ന ഈ രീതി അവലംബിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് കഴിയുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിന്റെ അര്‍ത്ഥം  എന്താണ് ? മറിച്ചെങ്കില്‍ എന്ത് പ്രസക്തിയാണ് രാജ്യം ഭരിക്കുന്ന ഗവണ്മെന്റിനുള്ളത്?

    തങ്ങള്‍ക്ക് ലഭിക്കുന്ന നിരക്കിനേക്കാള്‍ കൂടുതല്‍ തുക ജനങ്ങളുടെ മേല്‍ കെട്ടി വെക്കുന്ന സെന്‍ട്രല്‍ ഗവണ്മെന്റ് പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ പോലും എത്രമേല്‍ അശ്രദ്ധയും  കച്ചവട താല്പര്യവുമാണ് വെച്ചു പുലര്‍ത്തുന്നത്.പിഎം കെയര്‍ ഫണ്ട് പോലുള്ളവ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്.സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാവുന്ന നിരക്കിലും സൗജന്യമായും വാക്‌സിന്‍ വിതരണം നിര്‍വഹിക്കാനുള്ള  ഉത്തരവാദിത്വം കേന്ദ്ര ഗവണ്മെന്റ് കാണിക്കണം.സ്വകാര്യ കമ്പനികളുടെ വിവേചനപരമായ തീരുമാനങ്ങള്‍ക്ക് പൊതുജനങ്ങളെ ഇരയാക്കുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.

    സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തു വിട്ടിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

    സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. അമേരിക്കൻ വാക്സീനുകൾക്ക് 1500 രൂപ, റഷ്യൻ വാക്സീനുകൾക്ക് 750, ചൈനീസ് വാക്സീനുകൾക്ക് 750 രൂപ തുടങ്ങിയവയിലധികമാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി.

    അതേസമയം, കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.
    Published by:Naseeba TC
    First published: