• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാരഗിരി വനഭൂമി തിരിച്ചുപിടിക്കാൻ കേന്ദ്ര ഇടപെടൽ; ഡീ നോട്ടിഫിക്കേഷന് സാധ്യത

തുഷാരഗിരി വനഭൂമി തിരിച്ചുപിടിക്കാൻ കേന്ദ്ര ഇടപെടൽ; ഡീ നോട്ടിഫിക്കേഷന് സാധ്യത

കാട്ടരുവികളും കൂറ്റന്‍ മരങ്ങളും ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടെ 24 ഏക്കര്‍ വനഭൂമി അളന്ന് തോട്ടം ഉടമകള്‍ക്ക് കൈമാറാന്‍  വനംവകുപ്പ് നീക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ഇടപെടല്‍.

News18

News18

  • Share this:
കോഴിക്കോട്: വനംവകുപ്പിന്റെ പിടിപ്പുകേട് കാരണം നഷ്ടമായ കോഴിക്കോട് തുഷാരഗിരിയിലെ വനഭൂമി തിരിച്ചുപിടിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. 2000ത്തില്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി സര്‍ക്കാര്‍ ഏറ്റെടുത്ത 24 ഏക്കര്‍ വനഭൂമി തോട്ടം ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

താമരശ്ശേരി റെയ്ഞ്ചിലെ തുഷാരഗിരി ജീരകപ്പാറ മലവാരത്തിലെ 24 ഏക്കര്‍ വനഭൂമിയാണ് വനംവകുപ്പ് കോടതിയില്‍ തോറ്റതോടെ നഷ്ടമായത്. സമാനസ്വഭാവമുള്ള 246 ഏക്കര്‍ വനഭൂമി കൂടി കൈവശപ്പെടുത്താന്‍ തോട്ടം ഉടമകള്‍ നീക്കം തുടരുന്നതിനിടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍. നിബിഢവനങ്ങള്‍ നഷ്ടമാകുന്നത് സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ജീരകപ്പാറ മലവാരത്തില്‍ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.

വനവും വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും കൂറ്റന്‍ മരങ്ങളും ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഉള്‍പ്പെടെ 24 ഏക്കര്‍ വനഭൂമി അളന്ന് തോട്ടം ഉടമകള്‍ക്ക് കൈമാറാന്‍  വനംവകുപ്പ് നീക്കം തുടരുന്നതിനിടെയാണ് കേന്ദ്ര ഇടപെടല്‍. വനഭൂമി ഡീ നോട്ടിഫിക്കേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും കത്ത് നല്‍കി. ഇതേത്തുടര്‍ന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത ഭൂമി ഡീ നോട്ടിഫിക്കേഷൻ നടത്തി തിരിച്ചുപിടിക്കാൻ കോടതികൂടി കനിയേണ്ടിവരും. വനഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.'

ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവപ്രദേശമായ വയനാടന്‍ മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന ജീരകപ്പാറ മലവാരത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. ഭൂവുടമകള്‍ക്ക് വനംവകുപ്പ് കൈമാറാനൊരുങ്ങുന്ന ഭൂമിയില്‍ നാല് വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളുമുണ്ട്. മാത്രമല്ല വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രങ്ങളും കൈമാറുന്ന ഭൂമിയിലാണ്. അവശേഷിക്കുന്ന 246 ഏക്കര്‍ കൂടി തിരിച്ചുനല്‍കേണ്ടി വരികയാണെങ്കില്‍ ജീരകപ്പാറ മലവാരത്തിലെ അര്‍ധനിത്യഹരിത വനങ്ങളുടെ നല്ലൊരു പങ്കും നഷ്ടമാകും.

വെള്ളച്ചാട്ടങ്ങള്‍ക്കു പുറമെ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടി സ്വകാര്യ വ്യക്തികളുടെ കയ്യിലാവുന്നതോടെ ഇവിടുത്തെ വിനോദസഞ്ചാര സാധ്യതകളും ഇല്ലാതാവും. സാഹചര്യം വിലയിരുത്താന്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ നിന്നുള്ള എം.എല്‍.എമാരും വനംമന്ത്രി എ.കെ. ശശീന്ദ്രനും തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു.

സ്വാഭാവിക വനം വനമായിത്തന്നെ നിലനിർത്തി ഈ മേഖല സംരക്ഷിക്കണം. ഒരുകാരണവശാലും സ്വകാര്യവ്യക്തികൾക്ക് ഇവിടം വിട്ടുകൊടുക്കരുത്. തുഷാരഗിരി വെള്ളച്ചാട്ടത്തിനടുത്തുള്ള 23.83 ഏക്കർ ഭൂമി അഞ്ചുപേർക്കായി നൽകാനാണ് ഇപ്പോഴത്തെ കോടതിവിധി.  ഈ മേഖലയിലെ മരങ്ങൾ മുറിച്ചുമാറ്റി കൃഷിഭൂമിയാക്കാനുള്ള നീക്കത്തിനെതിരേ മുമ്പും പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. മറ്റുള്ളവരും ഇപ്പോഴത്തെ വിധിയുടെ ചുവടുപിടിച്ച് കോടതിയെ സമീപിക്കാനും വനഭൂമി മൊത്തം കൃഷിഭൂമിയാക്കി മാറ്റാനും സാധ്യതയുണ്ട്.

താമരശ്ശേരി റെയ്ഞ്ചിലെ ജീരകപ്പാറ മലവാരത്തില്‍ 2000ത്തില്‍ 270 ഏക്കര്‍ ഭൂമിയാണ് വനംവകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശമായി നോട്ടിഫൈ ചെയ്ത് സ്വകാര്യ ഭൂവുടമകളില്‍ നിന്ന് ഏറ്റെടുത്തത്. ഇതില്‍ അഞ്ച് ഭൂവുടമകള്‍ സുപ്രീംകോടതിയെ സമീപിച്ച് 24 ഏക്കര്‍ വനഭൂമി കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയ്ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ചായിരുന്നു ഭൂവുടമകള്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ നിഷ്‌ക്രിയമായതോടെ കേസ് തോറ്റു.

24 ഏക്കര്‍ വനഭൂമിയും നഷ്ടമായി. അവശേഷിക്കുന്ന 246 ഏക്കര്‍ വനഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ഭൂവുടമകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അങ്ങനെ വന്നാല്‍ പശ്ചിമഘട്ടത്തില്‍ വയനാടുമായി അതിരിടുന്ന അതീവ പരിസ്ഥിതി ലോല പ്രദേശത്തെ 246 ഏക്കര്‍ നിബിഢ വനങ്ങള്‍ നഷ്ടമാകുമെന്ന് പരിസ്ഥിതി പ്രവർത്തകനായ ടി.വി. രാജൻ പറഞ്ഞു.
Published by:Sarath Mohanan
First published: