തിരുവനന്തപുരം:
കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എം.എല്‍.എയുമായിരുന്ന
സി.എഫ്. തോമസിന്റെ മരണത്തില്‍ പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. സാധരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു സി എഫ് തോമസെന്ന് രമേശ് ചെന്നിത്തല.
രാഷ്ട്രീയത്തില്‍ അല്‍പ്പം പോലും കറപുരളാത്ത സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. കേരളാ രാഷ്ട്രീയത്തിലും, യു ഡി എഫ് രാഷ്ട്രീയത്തിലും തലയെടുപ്പോടെ നിന്ന നേതാവായിരുന്നു സി എഫ് തോമസ്.
നാല് തവണ കോട്ടയത്ത് നിന്ന് പാര്‍ലമെന്റിലേക്ക് താന്‍ മല്‍സരിച്ചപ്പോഴും തന്നെ വിജയിപ്പിക്കാന്‍വേണ്ടി അഹോരാത്രം അധ്വാനിച്ച നേതാവാണ് സി എഫ് തോമസ് എന്നും രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ഒമ്പത് തവണ ചങ്ങനാശേരിയില്‍നിന്ന് നിയമസഭയിലെത്തുകയും അവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തയാളാണ് സി എഫ് തോമസ്. ചങ്ങനാശേരിയിലെ ജനങ്ങളെക്കഴിഞ്ഞേ അദ്ദേഹത്തിന് തന്റെ ജീവിതത്തില്‍ എന്തുമുണ്ടായിരുന്നുള്ളു-ചെന്നിത്തല പറഞ്ഞു.
സി എഫ് തോമസിന്റെ നിര്യാണത്തോടെ അതുല്യനായ ജനനേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഎഫ് തോമസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തിയിരുന്നു.
പൊതുപ്രവർത്തനത്തിൽ ധാർമിക മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ച നേതാവാണ് സിഎഫ് തോമസെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിഎഫ് തോമസ് ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. കുറച്ചുദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.