അന്ന് കൈയടി യതീഷ് ചന്ദ്രയ്ക്ക്, ഇന്ന് ചൈത്രയ്ക്ക്; 'മുഖം നോക്കാത്ത' കാക്കിക്കൊപ്പം സോഷ്യല്‍ മീഡിയ
അന്ന് കൈയടി യതീഷ് ചന്ദ്രയ്ക്ക്, ഇന്ന് ചൈത്രയ്ക്ക്; 'മുഖം നോക്കാത്ത' കാക്കിക്കൊപ്പം സോഷ്യല്‍ മീഡിയ
കേന്ദ്ര മന്ത്രിയെ തടഞ്ഞ യതീഷ്ചന്ദ്രയുടെ ചങ്കൂറ്റത്തിനു കിട്ടിയ അതേ കൈയ്യടിയാണ് ക്രിമിനലുകളെ പിടിക്കാന്‍ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനും സോഷ്യല്‍ മീഡിയ നല്‍കുന്നത്.
തിരുവനന്തപുരം: നിലയ്ക്കലില്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ യതീഷ്ചന്ദ്രയുടെ ചങ്കൂറ്റത്തിനു കിട്ടിയ അതേ കൈയ്യടിയാണ് ക്രിമിനലുകളെ പിടിക്കാന്‍ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനും സോഷ്യല്‍ മീഡിയ നല്‍കുന്നത്. ശബരിമല സന്ദര്‍ശനത്തിന് കേന്ദ്ര മന്ത്രിക്കൊപ്പമെത്തിയ സംഘത്തെ തടഞ്ഞും മന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയുമുള്ള പെര്‍ഫോമന്‍സാണ് യതീഷ് ചന്ദ്രയെന്ന യുവ ഐ.പി.എസുകാരനെ അന്ന് സ്റ്റാറാക്കിയത്. നിരവധി പേരാണ് അന്ന് അദ്ദേഹത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. യതീഷ് ചന്ദ്രയുടെ പെര്‍ഫോമന്‍സ് അന്ന് ബി.ജെ.പിക്ക് എതിരെ ആയിരുന്നെങ്കില്‍ ഇന്ന് ചൈത്രയുടെ വിഷയത്തില്‍ സിപിഎമ്മാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനു നേരെ കല്ലേറ് നടത്തിയ പ്രതികളെ തേടിയാണ് ഡിസിപിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പോക്സോ കേസില്‍ അറസ്റ്റിലായവരെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സ്റ്റേഷന് ആക്രമിച്ചത്.
പ്രതികളില്‍ ഒരാള്‍ പിടിയിലായതിനു പിന്നാലെയാണ് മറ്റുള്ളവര്‍ പാര്‍ട്ടി ഓഫീസില്‍ അഭയം തേടിയെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ ചൈത്രയുടെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടി ഓഫീസിലെത്തി. ഭരണത്തിന്റെ ബലത്തില്‍ നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കൂസാതെ പരിശോധന നടത്തിയ ശേഷമാണ് ചൈത്ര മടങ്ങിയത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട് ഡിസിപി ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഡിസിപി കസേര നഷ്ടമായെങ്കിലും ചൈത്രയുടെ ചങ്കുറപ്പാണ് സോഷ്യല്‍ മീഡയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം നിലയ്ക്കല്‍ സംഭവത്തിന്റെ പേരില്‍ യതീഷ് ചന്ദ്രയ്ക്ക് കൈയ്യടിച്ചവരില് പലരും ചൈത്രയുടെ കാര്യത്തില്‍ നിലപാട് മാറ്റിയെന്നതും ശ്രദ്ധേയം. അന്ന് യതീഷിനെ വിമര്‍ശിച്ചവര്‍ ഇന്ന് ചൈത്രയെ പിന്തുണയ്ക്കുന്നതും കൗതുകകരമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.