• HOME
 • »
 • NEWS
 • »
 • kerala
 • »
 • Alert | ശക്തമായ കാറ്റിന് സാധ്യത; ഈ മാസം 19 വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

Alert | ശക്തമായ കാറ്റിന് സാധ്യത; ഈ മാസം 19 വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത

 • Share this:
  കൊച്ചി: സംസ്ഥാനത്തെ തീരപ്രദേശത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ മാസം 19 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഈ ദിവസങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ് നാട് തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  23 വീടുകള്‍ തകര്‍ന്നു; 14 ദുരിതാശ്വാസ ക്യാമ്പുകള്‍; 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

  കനത്തമഴ (Heavy Rain in Kerala)  തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. 117 കുടുംബങ്ങളിലെ 364 പേരെ മാറ്റി പാര്‍പ്പിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകർന്നു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി.

  3071 കെട്ടിടങ്ങള്‍ ക്യാമ്പുകള്‍ക്കായി സജ്ജമാക്കി. ഇതില്‍ 4,23,080 പേരെ ഉള്‍ക്കൊള്ളിക്കാനാകും. തിരുവനന്തപുരത്ത് എട്ടും ഇടുക്കിയില്‍ മൂന്നും എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ക്യാമ്പും തുടങ്ങി. തിരുവനന്തപുരത്ത് ഒരു വീട് പൂര്‍ണമായും ആറു വീടുകള്‍ ഭാഗികമായും തകര്‍ന്നു.

  തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. തിരുവനന്തപുരം പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. പട്ടം മുട്ടടയില്‍ ചൈതന്യ ഗാര്‍ഡന്‍സിലെ ഏതാനും വീടുകളില്‍ വെള്ളം കയറി. കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലായി മരം വീണ് ഏഴുവീടുകള്‍ തകര്‍ന്നു.

  Also Read- Kerala Rain| സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അല‍ര്‍ട്ട്

  തലസ്ഥാന ജില്ലയിലെ എട്ട് ക്യാമ്പുകളില്‍ 91 കുടുംബങ്ങളുണ്ട്. ഇവയില്‍ 303 പേരുണ്ട്. 121 പുരുഷന്മാരും 117 സ്ത്രീകളും 65 കുട്ടികളും. നേരത്തേ വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളാണിവ.

  എറണാകുളത്ത് ആലുവ, പെരുമ്പാവൂർ കളമശ്ശേരി, കൊച്ചി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിൽ മുങ്ങി. ഉദയാനഗർ കോളനി, കാരയ്ക്കമുറി എന്നിവിടങ്ങളിലും വെള്ളം കയറി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി 30 വീടുകളിൽ വെള്ളം കയറി. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.

  അതിതീവ്രമഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ദുരനന്തനിവാരണ സേനയുടെ അഞ്ച് സംഘങ്ങള്‍ കൂടിയെത്തും. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

  കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

  രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും മലയോര മേഖലകളിലേക്കുള്ളവർ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. മുൻകരുതൽ നടപടിയുടെ ഭാഗമായി അരക്കോണത്ത് നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ നൂറ് അംഗ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. ഇവരെ അഞ്ച് ജില്ലകളിലായി വിന്യസിക്കും.
  Published by:Anuraj GR
  First published: