• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rains | സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ തന്നെയാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

    വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബികടലിൽ സൗരാഷ്ട്ര - കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. ഒഡിഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമർദ്ദം  നിലനിൽക്കുന്നു.




    മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത.



    ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര വരെ ന്യുന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു.




    ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു


    രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.

    സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു.

    Also Read- ലൈനിൽ തൊട്ടു മരിക്കണ്ട; ഷോക്കടിക്കാത്ത തോട്ടിയുമായി KSEB വരുന്നു

    കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് വന്‍ ഗതാഗത കുരുക്ക് ഉണ്ടായി. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകിട്ട് മൂന്നു മണിയോടെയാണ് മരം വീണത്. ഒരു മണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

    ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം




    കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 17-07-2022 രാത്രി 11.30 വരെ 3.0 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.



    മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.




    1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.




    2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.




    3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

    Published by:Anuraj GR
    First published: