• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഫോസ് ആക്ടിങ് വിസിയെ ചാന്‍സലര്‍ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

കുഫോസ് ആക്ടിങ് വിസിയെ ചാന്‍സലര്‍ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി; ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

റിജി ജോണിന്റെ ഹര്‍ജിയില്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു

  • Share this:
ന്യൂഡൽഹി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) ആക്ടിങ് വിസിയെ ചാന്‍സലര്‍ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി. മുന്‍ വിസി ഡോ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് ജയിച്ചാല്‍ ഡോ. റിജി ജോണിനെ വീണ്ടും വിസിയായി നിയമിക്കാമെന്ന് കോടതി അറിയിച്ചു. റിജി ജോണിന്റെ ഹര്‍ജിയില്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 2018ലെ യുജിസി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വിസിയായി നിയമിച്ചത് എന്ന് പറഞ്ഞാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് യുജിസി ചട്ടം ബാധകമല്ലെന്ന വസ്തുത കണക്കിലെടുക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിജി ജോണിന്‍റെ ഹര്‍ജി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും ഡോ. റിജി ജോണിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും ആവശ്യപ്പെട്ടു. വൈസ് ചാൻസലർ പദവി ഒഴിഞ്ഞുകിടന്നാൽ അത് സർവകലാശാലാ ഭരണത്തെ ബാധിക്കുമെന്ന് ഇരുവരും കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതിന് സർക്കാരും ചാൻസലറും ബദൽ ക്രമീകരണങ്ങൾ ഒരുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

Also Read- നിയമനം UGC ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും ഗവേഷണവും സംസ്ഥാന ലിസ്റ്റിൽപെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവകലാശാലക്ക് യുജിസി ചട്ടം ബാധകമല്ല. 1998, 2010, 2018 വർഷങ്ങളിലെ യു.ജി.സി. ചട്ടങ്ങളുടെ പരിധിയിൽനിന്ന് കാർഷിക സർവകലാശാലകളെ ഒഴിവാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. അഭിഭാഷക ആനി മാത്യുവും മുൻ വൈസ് ചാൻസലർക്ക് വേണ്ടി ഹാജരായി.

Also Read- കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്ക് തിരിച്ചടിയെന്ന് എം.വി ഗോവിന്ദൻ

ഡോ. റിജി ജോണിന്റെ വാദത്തെ പൂർണമായും പിന്തുണയ്ക്കുന്നതായി സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കാർഷിക വിദ്യാഭ്യാസം സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക വായ്പയുമായി ബന്ധപ്പെട്ട കേസിൽ പുറപ്പെടുവിച്ച മുൻ ഉത്തരവിൽ സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും വേണുഗോപാൽ വാദിച്ചു.
Published by:Rajesh V
First published: