• HOME
  • »
  • NEWS
  • »
  • kerala
  • »
  • CHANDY OOMMEN SLAMS ALLEGATIONS AGAINST HIM ON DCC PRESIDENT ROW NJ TV

നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ; ഡിസിസി പ്രസിഡന്റ്‌ ആകാൻ ശ്രമിച്ചിട്ടില്ല; ആരുടെയും പേരുകൾ നിർദേശിച്ചിട്ടില്ല

കഴിഞ്ഞ കുറെ കാലങ്ങളായി തന്നെ വിവാദത്തിലേക്ക് വലിച്ചു ഇഴക്കാൻ ശ്രമിക്കുന്നതായി  ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ

ചാണ്ടി ഉമ്മൻ

  • Share this:
കോട്ടയം: ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാകുന്നത്. ഇതിനിടെയാണ് തനിക്കെതിരായ വാർത്തകൾക്ക് മറുപടിയുമായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ രംഗത്ത് വന്നത്. ഡിസിസി അധ്യക്ഷൻ ആകാൻ ശ്രമിച്ചിട്ടില്ല എന്ന് ചാണ്ടി ഉമ്മൻ സോഷ്യൽ മീഡിയയിലെ ലൈവിൽ വന്ന് വ്യക്തമാക്കി.

കോട്ടയത്തെ ഡി സി സി അധ്യക്ഷനെ തീരുമാനിക്കാൻ ഡൽഹിയിൽ ചർച്ച നടത്തി എന്ന വാർത്തയും തെറ്റാണ്. താൻ ആരുടെയും പേരുകൾ നിർദേശിച്ചിട്ടില്ല  എന്നും ചാണ്ടി ഉമ്മൻ പറയുന്നു. ആർക്കും പദവി വാങ്ങി നൽകാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറെ കാലങ്ങളായി തന്നെ വിവാദത്തിലേക്ക് വലിച്ചു ഇഴക്കാൻ ശ്രമിക്കുന്നതായി  ചാണ്ടി ഉമ്മൻ ആരോപിച്ചു. തന്നോട് ചോദിക്കാതെയാണ് ഈ വാർത്തകളെല്ലാം ചെയ്തിരിക്കുന്നത്. ഒരു ദേശീയ പത്രവും മലയാള ദിനപത്രമാണ് ഇത്തരത്തിൽ വാർത്തകൾ നൽകിയിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ല എന്നും ചാണ്ടി ഉമ്മൻ പറയുന്നു. ഡൽഹിയിൽ പോയത് ഏറെ വ്യക്തിബന്ധങ്ങൾ ഉള്ള സ്ഥലം ആയതുകൊണ്ടാണ്. അവിടെ അങ്ങനെയുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് പോയത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കോട്ടയം ഡിസിസി അധ്യക്ഷൻ ആയി നാട്ടകം സുരേഷിനെ  കൊണ്ടുവരാൻ ചാണ്ടി ഉമ്മൻ ശ്രമിച്ചതായി ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതിൽ പ്രകോപിതനായി ആണ് ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കിയത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്നും പകരം മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കും എന്നായിരുന്നു വാർത്തകൾ.
Also Read-വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യമൊന്നും താൻ കാണിച്ചിട്ടില്ല: കെ പി അനിൽ കുമാർ

ഇതിനുശേഷം പുതുപ്പള്ളിയിലെ പ്രവർത്തകർതന്നെ ഉമ്മൻചാണ്ടി മണ്ഡലം വിട്ടു പോകാൻ പാടില്ല എന്ന് പറഞ്ഞു വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനുശേഷമാണ് പുതുപ്പള്ളിയിൽ തന്നെ മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് അന്തിമ തീരുമാനം ഉണ്ടായത്. നേരത്തെ രാഷ്ട്രീയത്തിൽ സജീവമായ ചാണ്ടി ഉമ്മൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. യൂത്ത് കോൺഗ്രസ് കോട്ടയത്ത് നടത്തിയ ചില സമരങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുത്തിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ചാണ്ടി ഉമ്മൻ സംസ്ഥാനവ്യാപകമായി പ്രചരണ രംഗത്ത് സജീവമായിരുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതുപ്പള്ളി മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം. മണ്ഡലത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടി മൊബൈൽഫോൺ ചലഞ്ച് ഉൾപ്പെടെ നടത്തി സജീവമായിരുന്നു.

ഉമ്മൻചാണ്ടിക്ക് ശേഷം ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കാനുള്ള സാധ്യതകൾ പലതവണ സജീവ ചർച്ചയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാപഞ്ചായത്ത് ഡിവിഷനിലേക്ക് പുതുപ്പള്ളിയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഡിസിസി അധ്യക്ഷൻ ആകാൻ ചാണ്ടി ഉമ്മൻ ശ്രമം നടത്തി എന്ന വാർത്തകൾ പുറത്തുവന്നത്. ഇത് നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ സംസാരിച്ചത്.
Published by:Naseeba TC
First published:
)}