• HOME
  • »
  • NEWS
  • »
  • kerala
  • »
  • CHANGANASSERY ARCHDIOCESE WITH INSTRUCTIONS TO THE VOTERS

'രാഷ്ട്രീയം ഏകാധിപത്യത്തിന്റെ ശൈലി ആകരുത്' ; വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത

രാഷ്ട്രീയം ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുതെന്നും ക്രൈസ്തവ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.

ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

  • News18
  • Last Updated :
  • Share this:
    ചങ്ങനാശ്ശേരി: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ്. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത. ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തെരഞ്ഞെടുക്കണമെന്നാണ് അതിരൂപത നിർദ്ദേശം നൽകിയിരിക്കുന്നത്.

    രാഷ്ട്രീയം ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുതെന്നും ക്രൈസ്തവ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു. രാഷ്ട്രീയ അധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധർമ്മനിഷ്ഠയിലും നയിക്കാൻ ആകണമെന്നും നിർദേശത്തിൽ ചങ്ങനാശ്ശേരി അതരൂപത പറയുന്നു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ആസന്നമായ തെരഞ്ഞെടുപ്പ് എന്ന പേരിൽ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,

    പ്രിയപ്പെട്ട വൈദികരുടെയും അതിരൂപതാംഗങ്ങളുടെയും ശ്രദ്ധയ്ക്ക്,

    നമ്മുടെ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണല്ലോ. ജനാധിപത്യ വ്യവസ്ഥിതിയിൽ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും സുപ്രധാനമായ അവകാശവും ഗൗരവമേറിയ ചുമതലയുമാണ്. വോട്ടവകാശമുള്ള എല്ലാവരും യാതൊരു ഉദാസീനതയും കൂടാതെ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന സമയത്തേക്ക് മാറ്റി വയ്ക്കാതെ നേരത്തെ തന്നെ വോട്ടു ചെയ്യുവാൻ ഏവരും ശ്രദ്ധിക്കണം. വോട്ടു പാഴായി പോകാതിരിക്കാൻ ജാഗ്രത വേണം.

    പിണറായിക്കൊപ്പം പ്രകാശ് രാജും ഹരിശ്രീ അശോകനും ഇന്ദ്രൻസും മധുപാലും; താരനിബിഡമായ റോഡ് ഷോ ഏപ്രിൽ നാലിന് ധർമടത്ത്

    രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കു വേണ്ടി നില കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാകണം ജനപ്രതിനിധികൾ. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അവർ അഴിമതിക്കും അക്രമത്തിനും കൂട്ടു നിൽക്കുന്നവരാകരുത്. സ്വന്തം നേട്ടത്തിനു വേണ്ടിയല്ലാതെ പൊതുജനക്ഷേമം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നവരാകണം. മതസൗഹാർദതയ്ക്ക് യാതൊരു കോട്ടവും വരാതിരിക്കാൻ പരിശ്രമിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരേണ്ടത്. നീതിയും ധർമവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശില്പികൾ ആകേണ്ടവരാണ് ഭരണാധികാരികൾ. നിഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാൻ അവർ തയ്യാറാകണം. രാജ്യത്തിന്റെ ജനാധിപത്യം അക്ഷരാർഥത്തിൽ യാഥാർഥ്യമാകുന്നത് ഓരോ പൗരനും സ്വതന്ത്രമായും ഉത്തരവാദിത്തത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തന്റെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. അതിനാൽ ആരുയെും സമ്മർദ്ദ തന്ത്രങ്ങൾക്കും സ്വാർത്ഥ ലക്ഷ്യങ്ങൾക്കും ദുസ്വാധീനങ്ങൾക്കും വഴിപ്പെടാതെ ഉത്തമബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനസാക്ഷി അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.

    WATCH | ബൈക്കിലെ മുൻ ചക്രത്തിന് പകരം ഡ്രം ഉപയോഗിച്ച് വ്ലോഗറുടെ പരീക്ഷണം

    എല്ലാ അധികാരവും ദൈവത്തിൽ നിന്നാണ്. രാഷ്ട്രീയാധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധർമനിഷ്ഠയിലും നയിക്കാൻ വേണ്ടി നൽകപ്പെട്ടിരിക്കുന്നു. അത് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുത്. ജനാധിപത്യം അഭംഗുരം സംരക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്താകമാനം ഉത്തമ ഭരണസംവിധാനം സംജാതമാകാൻ പ്രാർത്ഥിക്കുകയും ചെയ്യാം. എല്ലാവർക്കും ഉയർപ്പു തിരുന്നാളിന്റെ അനുഗ്രഹാശംസകൾ നേരുന്നു.

    സ്നേഹപൂർവം
    ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
    ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത

    രാഷ്ട്രീയം ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുതെന്നും ക്രൈസ്തവ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.
    Published by:Joys Joy
    First published:
    )}