സിറോ മലബാർ സഭ വ്യാജരേഖ കേസിൽ കുറ്റപത്രം ഉടൻ; വൈദികർ പ്രതികളാകുമെന്ന് സൂചന

ഫാ. പോൾ തേലക്കാട് അടക്കം മൂന്നു വൈദികർ അദ്യ പ്രതിപ്പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന

News18 Malayalam | news18-malayalam
Updated: January 21, 2020, 1:38 PM IST
സിറോ മലബാർ സഭ വ്യാജരേഖ കേസിൽ കുറ്റപത്രം ഉടൻ; വൈദികർ പ്രതികളാകുമെന്ന് സൂചന
syro malabar
  • Share this:
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അടുത്ത മാസം ആദ്യം കുറ്റപത്രം സമർപ്പിക്കും. ഫാ. പോൾ തേലക്കാട് അടക്കം മൂന്നു വൈദികർ അദ്യ പ്രതിപ്പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന. കേസിൽ അറസ്റ്റിലായ  വിഷ്ണു മാപ്പു സാക്ഷിയാകാനാണ് സാധ്യത. സിറോ മലബാർ സഭയിലെ ഭൂമി വിവാദത്തിനു പിറകെയാണ് വ്യാജ രേഖ വിഷയവും ഉയർന്നു വന്നത്.

ഭൂമി ഇടപാടിൽ ക‍ർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്ന് വരുത്തി തീർക്കാനാണ് വ്യാജ ബാങ്ക് രേഖ ഉണ്ടാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ  കണ്ടെത്തൽ. എറണാകുളം കോന്തുരുത്തി സ്വദേശി ആദ്യത്യൻ  കമ്പ്യൂട്ട‌ർ ഉപയോഗിച്ച് വ്യാജരേഖ തയ്യാറാക്കുകയായിരുന്നെന്നു പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ആദിത്യനെയും സുഹൃത്ത് വിഷ്ണുവിനെയും പൊലീസ് അറസ്റ്റു ചെയ്തു.

Also read: 'മുസ്ലീം വിരുദ്ധ നീക്കമായി പ്രചരിപ്പിക്കരുത്' ലവ് ജിഹാദ് നിലപാടിൽ ഉറച്ച് സിറോ മലബാർ സഭ

സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. പോൾ തേലക്കാട്ട്, ഫാ. ആൻറണി കല്ലൂക്കാരൻ, ഫാ. സണ്ണി കളപ്പുര എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് വ്യാജരേഖ തയ്യാറാക്കിയതെന്നായിരുന്നു ആദിത്യൻറെ മൊഴി. കേസിൽ അറസ്റ്റ്  ഉറപ്പായതോടെ പോൾ തേലക്കാട്ടും ആൻറണി കല്ലൂക്കാരനും ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. ഈ മൂന്നു വൈദികരെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ടെന്നാണ് സൂചന. ഇതിന് പുറമെ  മറ്റു രണ്ടു വൈദികരുടെ ഇടപെടലിനെ കുറിച്ചു കൂടി  നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

അതേ സമയം ബംഗലുരുവിൽ ഐ‍ടി വിദ്യാർത്ഥിയായ വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. 2019 ജനുവരിയിൽ നടന്ന സിനഡിലായിരുന്നു മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് കർദിനാളിന് എതിരായ രേഖകൾ ഹാജരാക്കിയത്. എന്നാൽ സിനഡ് പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. രേഖ, സിനഡിൽ ഹാജരാക്കിയ മനത്തോടത്തിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ സർക്കാരിൻറെ പരിഗണനയിലാണ്.
First published: January 21, 2020, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading