നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിവെള്ളൂരിലെത്തിയ ചെഗുവേര! 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'പറഞ്ഞുവെക്കുന്നത് എന്ത്?

  കരിവെള്ളൂരിലെത്തിയ ചെഗുവേര! 'മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ'പറഞ്ഞുവെക്കുന്നത് എന്ത്?

  ചെഗുവേരയെ കേരളീയാന്തരീക്ഷത്തിലേക്ക് പറിച്ചുനടന്നത് ചിത്രീകരിക്കുന്നതാണ് നോവലിന്‍റെ കവർ ചിത്രം. ഇഎംഎസിന്‍റെ പഴയൊരു ചിത്രത്തിലേക്കാണ് ചെഗുവേരയെ ഡിസൈനർ സൈനുൽ ആബിദ് കൊണ്ടുവരുന്നത്

  Manthalirile_Benyamin

  Manthalirile_Benyamin

  • Share this:
   ബെന്യാമിന്‍റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനാണ് നാൽപ്പത്തിയഞ്ചാമത് വയലാർ പുരസ്ക്കാരം ലഭിച്ചതിന് പിന്നാലെ അതിലെ കഥാപരിസരം ചർച്ചയാകുകയാണ്. മധ്യതിരുവിതാംകൂറിലെ തിരുവല്ലയിലോ കോഴഞ്ചേരിയിലോ ഉൾപ്പെട്ടേക്കാവുന്ന മാന്തളിർ എന്ന ദേശത്തിലെ ഓർത്തഡോക്‌സ് ക്രൈസ്‌തവ കുടുംബങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് നോവലിന് ആധാരമാകുന്നത്. എന്നാൽ ഇതിന് വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് ഗ്രാമമായ കരിവെള്ളൂരുമായുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയാണ് സജിത് കരിവെള്ളൂരിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ചെഗുവേരയെ കേരളീയാന്തരീക്ഷത്തിലേക്ക് പറിച്ചുനടന്നത് ചിത്രീകരിക്കുന്നതാണ് നോവലിന്‍റെ കവർ ചിത്രം. ഇഎംഎസിന്‍റെ പഴയൊരു ചിത്രത്തിലേക്കാണ് ചെഗുവേരയെ ഡിസൈനർ സൈനുൽ ആബിദ് കൊണ്ടുവരുന്നത്. സമരഭൂമികയായ കുണിയൻ പുഴക്കരയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തീരെ അവശനായിട്ടുകൂടി സ. ഇ എം എസ് എത്തുകയുണ്ടായി. ഇതിനായി ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹത്തിനെ സഖാക്കൾ കാറിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഡിസൈനർ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിന്‍റെ കവർ ചിത്രമാക്കിയിക്കുന്നത്.

   സജിത്‌ കരിവള്ളൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്‌ പൂർണരൂപം

   മധ്യതിരുവിതാംകൂറിലെ തിരുവല്ലയിലോ കോഴഞ്ചേരിയിലോ ഉൾപ്പെട്ടേക്കാവുന്ന മാന്തളിർ എന്ന ദേശത്തിലെ ഓർത്തഡോക്‌സ് ക്രൈസ്‌തവ കുടുംബങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളും വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് ഗ്രാമമായ കരിവെള്ളൂരും തമ്മിൽ അധികമാരുമറിയാത്ത ഒരു ബന്ധമുണ്ടായിട്ടുണ്ട്.

   പ്രിയപ്പെട്ട എഴുത്തുകാരൻ ബെന്യാമിൻ്റെ അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ എന്ന സൃഷ്‌ടിയുടെ രണ്ടാം പതിപ്പ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന പേരിൽ നോവലായി പുറത്തിറങ്ങിയപ്പോൾ തന്നെ അതിൻ്റെ കളറിലല്ലാത്ത മുഖചിത്രം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു യൂറോപ്യൻ / ലാറ്റിനമേരിക്കൻ തെരുവിൽ കുറേ മുണ്ടുടുത്ത മലയാളികൾ വിപ്ലവ നക്ഷത്രം സാക്ഷാൽ ചെഗുവേരയെ ഒരു വീൽ ചെയറിൽ ഇരുത്തി ചുറ്റും കൂടി നിൽക്കുന്നു.

   കൗതുകം ജനിപ്പിക്കുന്ന ഈ കവർ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ പല മുഖങ്ങളും പരിചിതം... സഖാക്കൾ കോടിയേരി, ഇ പി ജയരാജൻ, ജി ഡി മാഷ്... പിന്നെ ശരിക്കും ഞെട്ടിച്ച് കൊണ്ട് മുണ്ടുമടക്കിക്കുത്തി കരിവെള്ളൂരിലെ സഖാവ് കൂത്തൂർ നാരായണേട്ടനും, വെളുക്കെ ചിരിച്ച് കൊണ്ട് തേത്രവൻ കുഞ്ഞിരാമേട്ടനും...സാങ്കൽപ്പിക ഭൂമിയായ മാന്തളിർ ഇടവകയിലെ ചിരിക്കും , കലഹങ്ങൾക്കും കരിവെള്ളൂർ സഖാക്കളുമായെന്ത് ബന്ധം എന്ന് ആദ്യം ഓർത്ത് പോയി!.

   കരിവെളളൂർ സമരത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി 1996 നവംബർ 20ന് കരിവെള്ളൂർ സമരഭൂമികയായ കുണിയൻ പുഴക്കരയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തീരെ അവശനായിട്ടുകൂടി സ. ഇ എം എസ് എത്തുകയുണ്ടായി . ഇതിനായി ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹത്തിനെ സഖാക്കൾ കാറിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഈ മുഖചിത്രത്തിനാധാരം.

   ഈ അപൂർവ്വ ഫോട്ടോ പകർത്തിയത് മാതൃ ഭൂമിയിലെ മധുരാജ് ആണ്, മാന്തളിരിന് വേണ്ടി കവർ ഡിസൈൻ ചെയ്‌തത് സെയ്‌നുൽ ആബിദ്. മാന്തളിർ ദേശത്തിൻ്റെ കഥ പറയുന്ന രചനക്ക് വയലാർ അവാർഡ് ലഭിച്ചത് ഒരു ചെഗുവേര രക്തസാക്ഷി ദിനത്തിൽ ആകുമ്പോൾ ഞങ്ങൾ കരിവെള്ളൂർക്കാർക്കുമുണ്ട് അഭിമാനിക്കാൻ... മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ലഭിച്ച സൃഷ്‌ടിയുടെ മുഖ ചിത്രത്തിൽ മുണ്ട് മടക്കിക്കുത്തി നിന്നതിന്.
   Published by:Anuraj GR
   First published: