തൃശ്ശൂർ: ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിട (Chembuchira School) നിർമ്മാണത്തിലെ വീഴ്ച സംബന്ധിച്ച് പ്രതികരണവുമായി കിഫ്ബി (KIFB). കരാറുകാരന് ഇതുവരെ പണം നൽകിയിട്ടില്ല. കെട്ടിടം പൊളിക്കാനുള്ള ചെലവും കരാറുകാരൻ്റെ ബാധ്യതയാണെന്നും കിഫ്ബി പറയുന്നു. കിഫ്ബിയുടെ 3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടം(School Building) പൊളിക്കുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ചെമ്പൂച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളാണ് പൊളിച്ചത്.
പഴയ ക്ലാസ് മുറികള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണിത്. ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ടെറസില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ചോര്‍ച്ചയും കണ്ടുതുടങ്ങിയിരുന്നു. മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച് ഉദ്ഘാടനത്തിന് തയ്യാറായിരുന്ന സ്കൂൾ കെട്ടിടമാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നിര്‍മാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു.
നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം കെട്ടിടത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധ സംഘവും കിഫ്ബിയും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കെട്ടിടം പൊളിക്കണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നുമായിരുന്നു ഉപദേശം.
വിദഗ്ധ സംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപാകതയുള്ള കെട്ടിടത്തിന് പകരം പുതിയ 5 ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ നിര്‍മാണ ഏജന്‍സിയായ കെറ്റിനോട് ആവശ്യപ്പെടുമെന്ന് തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പണിമുടക്കിനിടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ആശയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനീഷ് എം.എസ്. എന്നിവർ ഉടൻ സ്ഥലത്തെത്തി ആശയുമായി ആശുപത്രിയിലേക്ക് തിരിച്ചു.
അട്ടകുളങ്ങര ഭാഗം എത്തിയപ്പോൾ ആശയുടെ ആരോഗ്യനില വഷളാവുകയും വിനീഷിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി ആംബുലൻസിനുള്ളിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 2.35ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിനീഷിന്റെ പരിചരണത്തിൽ ആശ കുഞ്ഞിന് ജന്മം നൽകി.
പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വിനീഷ് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് രാജേഷ് ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യേശുദാസൻ ആശ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവം കൂടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.