നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി രണ്ടു കണ്ണും തുറന്ന് പ്രതികരിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്; YouTube ചാനൽ ജനുവരിയിൽ

  ഇനി രണ്ടു കണ്ണും തുറന്ന് പ്രതികരിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്; YouTube ചാനൽ ജനുവരിയിൽ

  ചെറിയാൻ്റെ സി.പി.എം. സഹവാസം അവസാനിക്കുന്നു

  ചെറിയാൻ ഫിലിപ്പ്

  ചെറിയാൻ ഫിലിപ്പ്

  • Share this:
  തിരുവനന്തപുരം: സി.പി.എം. സഹവാസം അവസാനിപ്പിക്കുന്നു എന്ന ശക്തമായ സൂചനയുമായി ചെറിയാൻ ഫിലിപ്പ്. 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന പ്രശസ്ത ടെലിവിഷൻ പരിപാടി യൂട്യൂബ് ചാനലിലൂടെ ജനുവരി ഒന്നിന് പുനഃരാരംഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചു. നേരത്തെ സി.പി.എം. നിയന്ത്രണത്തിലുള്ള കൈരളി ചാനലിൽ ചെറിയാൻ ഫിലിപ്പ് അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു 'ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു'. പക്ഷേ ഇത്തവണ സ്വതന്ത്ര നിലപാട് പ്രഖ്യാപനമാകും യൂട്യൂബ് ചാനലിൽ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ചെറിയാൻ വ്യക്തമാക്കുന്നു.

  രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

  കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്രയെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

  രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ തവണയും ചെറിയാൻ ഫിലിപ്പിനെ സി.പി.എം. തഴഞ്ഞു. അത് മുതലാണ് സി.പി.എം. നേതൃത്വവുമായി ചെറിയാന്റെ അകൽച്ച തുടങ്ങിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ചെറിയാൻ ഫിലിപ്പിനെ നാമനിർദ്ദേശം ചെയ്തു. പുസ്തക രചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്നു ചെറിയാൻ പ്രതികരിച്ചതും ഫേസ്ബുക്കിലൂടെയായിരുന്നു.  ഇതിനിടെ സർക്കാരിന്റെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾക്കെതിരേ ആഞ്ഞടിച്ചും മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരോക്ഷ വിമർശനം ഉയർത്തിയും ചെറിയാൻ കഴിഞ്ഞ ദിവസം രംഗത്തെത്തി. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം. ഭരണാധികാരികൾ ദുരന്ത നിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നായിരുന്നു ചെറിയാന്റെ കുറ്റപ്പെടുത്തൽ.

  മുഖ്യമന്ത്രിയുടെ പ്രശസ്തമായ നെതർലാൻഡ് മാതൃകയേയും ചെറിയാൻ തള്ളിപ്പറഞ്ഞു. 2018,19 എന്നീ വർഷങ്ങളിലെ പ്രളയത്തിൽ നിന്നും ഒട്ടേറെ പാഠങ്ങൾ നാം പഠിച്ചതാണ്. നെതർലാൻഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ചു. തുടർനടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ല. അറബിക്കടലിലെ ന്യൂനമർദ്ദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നു വിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിലാകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതിയെന്നും പരിഹസിക്കാനും തയാറായി.

  സിപിഎം സഹവാസം അവസാനിപ്പിച്ച് രണ്ടു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിലേക്കു മടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ തിങ്കളാഴ്ച കോൺഗ്രസ് വേദിയിലും ചെറിയാൻ എത്തുകയാണ്. അതും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കൊപ്പം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച

  മികച്ച സാമൂഹിക-സാംസ്കാരിക പ്രവർത്തകനുള്ള അവുദാക്കർ കുട്ടി നഹ പുരസ്കാരം തിങ്കളാഴ്ച ചെറിയാൻ ഫിലിപ്പിന് ഉമ്മൻചാണ്ടി സമ്മാനിക്കും. ഇതു ചെറിയാന്റെ കോൺഗ്രസിലേക്കുള്ള മടങ്ങിപ്പോക്കിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തൽ. എന്നാൽ മടങ്ങിപ്പോക്ക് വാർത്തകൾ പൂർണ്ണമായും നിഷേധിക്കുകയാണ് ചെറിയാൻ ഫിലിപ്പ്.
  Published by:user_57
  First published: