നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെറിയാൻ ഫിലിപ്പ് രണ്ടു പതിറ്റാണ്ടിനു ശേഷം കോൺ​ഗ്രസ്സിൽ; ആന്റണിയെ കണ്ടശേഷം പ്രഖ്യാപനം

  ചെറിയാൻ ഫിലിപ്പ് രണ്ടു പതിറ്റാണ്ടിനു ശേഷം കോൺ​ഗ്രസ്സിൽ; ആന്റണിയെ കണ്ടശേഷം പ്രഖ്യാപനം

  പ്രതീക്ഷിച്ച രാജ്യ സഭ സീററ് കിട്ടാത്തതാണ് ചെറിയാൻ സിപിഎമ്മുമായി അകലാൻ കാരണമെന്ന് അഭ്യൂഹമുണ്ട്.

  ചെറിയാൻ ഫിലിപ്പ്

  ചെറിയാൻ ഫിലിപ്പ്

  • Share this:
  തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺ​ഗ്രസ്സിൽ മടങ്ങിയെത്തും. രാവിലെ എ കെ ആന്റണിയെ സന്ദർശിച്ചശേഷം വാർത്താ സമ്മേളനം വിളിച്ച് പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. കോൺ​ഗ്രസ്സ് അം​ഗത്വം സ്വീകരിച്ച് പ്രവർത്തിക്കാനാണ് നീക്കം. പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് രണ്ട് പതിറ്റാണ്ട് മുമ്പാണ് ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ്സ് ബന്ധം ഉപേക്ഷിച്ചത്.

  സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചെങ്കിലും സിപിഎം അം​ഗത്വം സ്വീകരിച്ചില്ല. നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടത് സ്ഥാനാർത്ഥിയായി മൽസരിച്ചു. കെടിഡിസി ചെയർമാനായും കഴിഞ്ഞ പിണറായി സർക്കാർ കാലയളവിൽ നവകേരളമിഷൻ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കോൺ​ഗ്രസ്സിൽ എ കെ ആന്റണിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചെറിയാൻ ഫിലിപ്പ് ആന്റണിയുടെ ആശിർവാദത്തോടെ തന്നെയാണ് കോൺ​ഗ്രസ്സിൽ തിരിച്ചെത്തുന്നതുമെന്ന പ്രത്യേകതയുമുണ്ട്.

  എന്തുകൊണ്ട് ഇടത്പക്ഷം ഉപേക്ഷിക്കുന്നു?

  ഈ ചോദ്യത്തിന് ഇത് വരെ ചെറിയാൻ ഫിലിപ്പ് വ്യക്തത വരുത്തിയിട്ടില്ല. സിപിഎമ്മുമായുള്ള അകൽച്ച പലപ്പോഴും പ്രകടമാക്കിയെങ്കിലും നേതൃത്വത്തേയോ, മുഖ്യമന്ത്രി പിണറായി വിജയനേയോ തള്ളി പറയാൻ ചെറിയാൻ ഫിലിപ്പ് തയ്യാറായിട്ടില്ല. പ്രതീക്ഷിച്ച രാജ്യ സഭ സീററ് കിട്ടാത്തതാണ് ചെറിയാൻ സിപിഎമ്മുമായി അകലാൻ കാരണമെന്ന് അഭ്യൂഹമുണ്ട്. പരസ്യമായി തന്നെ രാജ്യസഭ സീറ്റ് ആ​ഗ്രഹം ചെറിയാൻ ഫിലിപ്പ് പങ്കു വെച്ചെങ്കിലും ഇളമരം കരീമിനാണ് സീറ്റ് നൽകിയത്.

  Also Read-Aryan Khan Drug Case | ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ജാമ്യം

  സിപിഎം നേതൃത്വം തന്നെ അവ​ഗണിക്കുന്നുവെന്ന തോന്നൽ നേരത്തെ മുതൽ ചെറിയാൻ ഫിലിപ്പിനുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിൽ നവകേരളമിഷൻ കോർഡിനേറ്ററായിരുന്ന ചെറിയാൻ ഫിലിപ്പിനെ ഖാദിബോർഡ് വൈസ് ചെയർമാനാക്കി നിയമിച്ച് ഉത്തരവിറങ്ങി. പക്ഷേ അത് ഏറ്റെടുക്കാൻ ചെറിയാൻ ഫിലിപ്പ്  തയ്യാറായില്ല. പുസ്തക രചനയുമായി ബന്ധപ്പെട്ട തിരക്കുകൾ മൂലമാണ് ചുതലയേറ്റെടുക്കാത്തതെന്നാണ് ഇതിന് നൽകിയ വിശദീകരണം. നേരത്തെ തന്നെ ഇനി തനിക്ക് സ്വതന്ത്ര നിലപാടെന്ന് പ്രഖ്യാപിച്ച ചെറിയാൻ ഫിലിപ്പിനെ അനുനയിപ്പിക്കാനായിരുന്നു ഖാദി ബോർഡിൽ നിയമിക്കാൻ സർക്കാർ ശ്രമിച്ചത്.

  തിരിച്ചെത്തുന്നത് പഴയ യുവ തുർക്കി

  കോൺ​ഗ്രസ്സ് രാഷ്ട്രീയത്തിനൊപ്പം സ‍ഞ്ചരിച്ചിരുന്ന  യുവാക്കളുടെ തീപ്പൊരി നേതാവായിരുന്നു ഒരുകാലത്ത് ചെറിയാൻ ഫിലിപ്പ്. കെഎസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് സംസ്ഥാന പ്രസിഡന്റായി. യൂത്ത്  കോൺ​ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എകെ ആന്റണി കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ സംസ്ഥാന സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് രം​ഗത്ത് മൽസരിക്കാൻ രണ്ട് ടേം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് കോൺ​ഗ്രസ്സിൽ ചെറിയാൻ ഫിലിപ്പ് പ്രതിഷേധമുയർത്തുന്നതും പിന്നീട് കോൺ​ഗ്രസ്സ് വിടുന്നതും.

  കോൺ​ഗ്രസ്സിൽ പ്രവർത്തിക്കെ കോട്ടയത്തും പിന്നീട് ഇടത് മുന്നണി സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും മത്സരിച്ചു. കെ മുരളീധരനെതിരെ വട്ടിയൂർകാവിൽ സ്ഥാനാർത്ഥിയായിരുന്നു. കോൺ​ഗ്രസ്സ് രാഷ്ട്രീയം കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് ചെരിയാൻ ഫിലിപ്പിന്റെ മടക്കമെന്നതാണ് ശ്രദ്ധേയം. സിപിഎം നേതൃത്വത്തിനെതിരെ ഇതുവരെ വിമർശനം ഉന്നയിക്കാത്ത ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ്സിൽ തിരിച്ചെത്തുന്നതിന്റെ ഭാ​ഗമായി നടത്തുന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ശ്രദ്ധേയമായിരിക്കും. കേരള രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ചെറിയാൻ ഫിലിപ്പെഴുതുന്ന പുസ്തകത്തിൽ സിപിഎമ്മിന്റെ ഉൾപാർട്ടി വിഷയങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ടെന്നാണ് സൂചന.
  Published by:Naseeba TC
  First published:
  )}