കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
ന്യൂഡൽഹി: കിഫ്ബി ക്കെതിരായ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ . കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്ന കേസുകളിൽ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇടപെടാനാകില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണ സുനിൽ അറോറ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യപ്രകാരമാണ് ഇ ഡി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചത്.
കേരളത്തിലെ അന്വേഷണം മാർച്ച് മുതൽ നടക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് കരുതി അന്വേഷണം നടക്കുന്ന കേസുകളിൽ ഇടപെടാനാകില്ലെന്നും സുനിൽ അറോറ വ്യക്തമാക്കി.
അന്വേഷണ ഏജൻസികൾ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മിഷൻ ഇടപെടണമെന്നാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്. ബി ജെ പിയുടെ വിജയ യാത്രയിൽ പങ്കെടുത്ത് ഫെബ്രുവരി 28ന് നിർമ്മല സീതാരാമൻ നടത്തിയ പ്രസ്‌താവന അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
കിഫ്ബി പദ്ധതികൾക്ക് വേണ്ടി വിദേശത്ത് മസാല ബോണ്ട് വിറ്റഴിച്ചതു സംബന്ധിച്ച് ഇ. ഡി. വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാർ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസർവ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിൻ്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങൾ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.
സി.എ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രാഥമികമായ അന്വേഷണത്തിൽ ഇ.ഡി.യുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേട് നടന്നതായി ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം, ഡപ്യൂട്ടി സി.ഇ.ഒ എന്നിവരെ ഇ.ഡി. ചോദ്യം ചെയ്യും. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകി. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിൻ്റെ മേധാവികൾകളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ. ഡി. നിർദ്ദേശം.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.