അനൂപ് പരമേശ്വരൻ
ശബരിമല പുനപരിശോധന ഹര്‍ജികളില്‍ വിധി പറയേണ്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിക്കുന്നത് മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന്. വൃശ്ചികം ഒന്നായ നവംബര്‍ 17 ഞായറാഴ്ച ആയതിനാല്‍ രഞ്ജന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനം നവംബര്‍ 15 ആയിരിക്കും. വരുന്ന മണ്ഡലകാലത്ത് സുപ്രീംകോടതിയുടെ പുതിയ വിധിആയിരിക്കും പ്രാബല്യത്തിലുണ്ടാവുക.
എന്തുകൊണ്ട് വിധി ഇത്രവൈകി?
എട്ടുമാസം മുന്‍പ് 2019 ഫെബ്രുവരി ആറിനാണ് സുപ്രീംകോടതി ഈ കേസ് വിധി പറയാന്‍ മാറ്റിയത്. ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഓരോരുത്തരുടേയും തീരുമാനം അറിയുക എന്ന കടമ്പ മാത്രമായിരുന്നു ബാക്കി. ബെഞ്ചില്‍ ഭൂരിപക്ഷത്തിന്റെ വിധി പ്രഖ്യാപിക്കുക എന്ന കടമമാത്രമാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. പക്ഷേ വിധി അടിയന്തരമായി പ്രഖ്യാപിക്കാത്തതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. ഭരണഘടനാപരമായ ഒരവകാശം അംഗീകരിച്ചതിന് എതിരായ കേസിലാണ് വിധി പറയേണ്ടത്. അത് ഒരു മനുഷ്യാവകാശത്തേയും ബാധിക്കുന്നത് അല്ലാത്തതിനാല്‍ തിരക്കുകൂട്ടേണ്ട സാഹചര്യമില്ല.
വിധി പറയാതെ വിരമിച്ചാല്‍
വിചാരണ കഴിഞ്ഞ കേസില്‍ വിധിപറയാതെ വിരമിക്കുന്ന സാഹചര്യം അത്യപൂര്‍വമായേ ഉണ്ടാകൂ. അങ്ങനെ വിരമിച്ചാല്‍ കേസ് ആദ്യം മുതല്‍ പുതിയ ബഞ്ച് കേള്‍ക്കേണ്ടി വരും. അയോധ്യ കേസില്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുന്ന നീക്കങ്ങള്‍ ശബരിമല കേസിനു കൂടി ബാധകമാണ്. 2011-ല്‍ വന്ന കേസ് ആണെങ്കിലും ഓഗസ്റ്റ് ആറു മുതലാണ് അയോധ്യാകേസില്‍ ദൈനംദിന വാദം തുടങ്ങിയത്. ഈ മാസം 18-ന് മുന്‍പ് വാദം പൂര്‍ത്തീകരിക്കാന്‍ ചീഫ് ജസ്റ്റിസ് എല്ലാ കക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യകേസ് നവംബര്‍ 17-ന് മുന്‍പു വിധി പറഞ്ഞാല്‍ ശബരിമല കേസിലും വിധി ഉണ്ടാകാതിരിക്കാന്‍ ഒരു സാധ്യതയും ഇല്ല.
എന്താകും ശബരിമല വിധി?
സുപ്രീംകോടതി ശബരിമല വിധി പുനഃപരിശോധിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ജസ്റ്റിസ് ചന്ദ്രചൂഡ് സമീപകാലത്തു പറഞ്ഞ വാക്കുകളാണ് ഉത്തരം. ശബരിമല വിധി പറഞ്ഞശേഷം നിരന്തരം ഭീഷണി വന്നു. കൊല്ലുമെന്നു വരെ ആളുകള്‍ പറഞ്ഞു. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഒരുവിധിയും സുപ്രീംകോടതിക്കു പുറപ്പെടുവിക്കാനാകില്ല എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത്. നിലവില്‍ വിധിയിലേക്കുള്ള സൂചന ബഞ്ചിലെ ഒരു ജസ്റ്റിസ് മാത്രം പറഞ്ഞ ഈ ഒരു വാചകം മാത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.