• HOME
  • »
  • NEWS
  • »
  • kerala
  • »
  • Joju George | ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

Joju George | ജോജുവിനെ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

ജോജു മദ്യപിച്ച് ലക്കുകെട്ടാണ് സംസാരിക്കുന്നതെന്ന് സമരക്കാരോട് പറഞ്ഞത് പൊലീസെന്ന് പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
തിരുവനന്തപുരം∙ ഇന്ധനവില വർധനയ്ക്കെതിരേ കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരവും സിനിമാ നടൻ ജോജു ജോർജിന്റെ പ്രതിഷേധവും നിയമസഭയിൽ. ജോജു ജോർജിനെ കോൺഗ്രസുകാർ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്നും അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പറഞ്ഞു. സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രിയും ചോദിച്ചു. ജോജു മദ്യപിച്ചിരുന്നോയെന്ന് മുഖ്യമന്ത്രി തന്നെ അന്വേഷിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

ഇന്ധന വില വർധനയ്ക്കെതിരേയുള്ള അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിനിടെ ഷാഫി പറമ്പിലാണ് ജോജു ജോർജിന്റെ പേര് പറയാതെ വിഷയം സഭയിൽ കൊണ്ടുവന്നത്.  ജനങ്ങളെ വഴി തടയുന്നതിൽ ആസ്വാദനം കണ്ടെത്തുന്നവരല്ല ഞങ്ങൾ. അനിഷ്ട സംഭവങ്ങൾ ആരാധനയോടെ കാണുന്നവരുമല്ല. പക്ഷേ 110 രൂപയ്ക്ക് ജനങ്ങളെ പിഴിയുമ്പോൾ മൗനം അവലംബിച്ചു നിൽക്കാൻ ജനങ്ങൾക്കും കോൺഗ്രസിനും കഴിയില്ല. കേന്ദ്രത്തിന്റെ അടികളല്ല നമ്മൾ. ഇന്ധന വില വർധനയ്ക്കെതിരേ പോരാടാൻ തയാറാകണമെന്നും ഷാഫി ആവശ്യപ്പെട്ടു.ഷാഫിക്ക് മറുപടി പറഞ്ഞതും ഭരണപക്ഷത്തു നിന്ന് ജോജുവിന് ആദ്യം പിന്തുണ അറിയിച്ചതും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആയിരുന്നു. വിമർശനങ്ങളെ സർക്കാരിന് ഭയമില്ല. എന്നാൽ പ്രശസ്ത സിനിമാതാരം ജോജുവിനെ വഴിയിൽ തടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും മദ്യപിച്ചെന്ന് കടപ പ്രചരണം നടത്തിയതും ആരാണ്? എന്നിട്ട് പരിശോധിച്ചു കഴിഞ്ഞപ്പോൾ മദ്യപിച്ചെന്നു കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച നടത്തിയപ്പോൾ ഒരു സ്ത്രീ വലിയ ഷോ കാട്ടിയിട്ടിലും എന്തെങ്കിലും പ്രശ്നമുണ്ടായോ എന്നു എൽഎഡിഎഫിന്റെ ക്ലിഫ് ഹൗസ് മാർച്ചിനിടെ സന്ധ്യയെന്ന വീട്ടമ്മ നടത്തിയ പ്രതിഷേധം പരാമർശിച്ച് ബാലഗോപാൽ ചോദിച്ചു.

വഴി തടഞ്ഞുള്ള സമരത്തെ ഇന്നലെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ന് സമരത്തെ ന്യായീകരിച്ച് രംഗത്തെത്തി. കൊച്ചിയിലെ സമരം എന്തിനു വേണ്ടി ആയിരുന്നെന്ന് പൊതുസമൂഹം വിലയിരുത്തണം. എങ്ങനെ സമരം നടത്തണമെന്ന് ഭരണപക്ഷം പ്രതിപക്ഷത്തെ ഉപദേശിക്കണ്ട.

രാജ്യത്തിനു കിട്ടിയ സ്വാതന്ത്ര്യം തീവണ്ടിക്ക് ബോംബ് വച്ച് അട്ടിമറിക്കാൻ തീരുമാനിച്ച കൽക്കട്ട തീസിസ് മുതൽ  രാജ്യത്ത് മുഴുവൻ അക്രമ സമരം നടത്തുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. എങ്ങനെ സമരം നടത്തണമെന്ന് പ്രതിപക്ഷത്തെ ആ പാർട്ടി പഠിപ്പിക്കേണ്ട. കേരളത്തിൽ അക്രമ സമരങ്ങളുടെ പരമ്പര നടത്തിയവർ ഒരാളെപ്പോലും ഉപദ്രവിക്കാതെ നടത്തിയ സമരത്തെ വിമർശിക്കുകയും വേണ്ട. നിങ്ങൾ സമരം നടത്തുന്നയിടത്താണ് ഒരാൾ വന്ന് ഒച്ചവച്ചിരുന്നതെങ്കിൽ അയാളുടെ അനുശോചന യോഗം ഇന്നു ചേരേണ്ടി വന്നേനെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഞങ്ങൾ അയാളെ ദേഹോപ്രദവം ഏല്പിച്ചില്ല. അത്രയും സമ്മർദ്ദം ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായതു കൊണ്ടാണ് സമരവുമായി മുന്നോട്ടു പോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. ഒരു കാര്യവും അറിയാതെ പ്രതിപക്ഷ നേതാവിന്റെ സുഹൃത്ത് ജോജുവിനെ മദ്യപാനിയായി ചിത്രീകരിക്കാൻ ശ്രമിച്ചത് ശരിയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് ഇത് അന്വേഷിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ ഇത് അന്വേഷിക്കുന്നതാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. സമരത്തിലേക്ക് ഒരാൾ കടന്നു വന്ന് പ്രശ്നമുണ്ടാക്കിയാൽ സമരക്കാർ വൈലന്റ് ആകുന്നത് സ്വാഭാവികമാണ്. ജോജു ലക്കു കെട്ടാണ് സംസാരിക്കുന്നതെന്നും അതിനാൽ നിങ്ങൾ സമാധാനം പാലിക്കണമെന്നും സമരക്കാരോട് പറഞ്ഞത് പൊലീസാണെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തി.
Published by:user_57
First published: