തിരുവനന്തപുരം: രാജി ഉറപ്പായിരിക്കുമ്പോഴും അതിൻ്റെ ഒരു സൂചനയും നൽകാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സജി ചെറിയാനും മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. മന്ത്രിസഭാ യോഗത്തിനു ശേഷം മുൻ നിശ്ചയ പ്രകാരം സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിയുടെ വസതിയിൽ മന്ത്രിമാർക്കായി നടന്ന വിരുന്നിൽ നിന്നും സജി ചെറിയാൻ വിട്ടു നിന്നു.
പുറത്ത് മന്ത്രി സജി ചെറിയാന്റെ രാജിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ അവസാന മന്ത്രിസഭാ യോഗത്തിനു എത്തുമ്പോഴും സജി ചെറിയാനോ മുഖ്യമന്ത്രി പിണറായി വിജയനോ രാജിക്കാര്യം അറിഞ്ഞതായേ ഭാവിച്ചില്ല. മന്ത്രിസഭായോഗത്തിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഡയറക്ടർ നിയമനം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ എൻട്രി കേഡർ നിയമനങ്ങൾ പിഎസി ക്ക് വിടാനുള്ള തീരുമാനം എന്നീ രണ്ട് അജൻഡകളാണ് സജി ചെറിയാൻ്റെ വകുപ്പിൽ നിന്ന് ഉണ്ടായിരുന്നത്. ഈ രണ്ട് അജൻഡകളും മന്ത്രിസഭായോഗം പാസാക്കി.
അതിനുശേഷം വാർത്താ സമ്മേളനം നടത്തി സജി ചെറിയാൻ രാജി പ്രഖ്യാപിക്കുമ്പോഴാണ് മന്ത്രിമാരിൽ പലരും ആ വിവരം അറിഞ്ഞത്. മന്ത്രിസഭാ യോഗ ശേഷം ഔദ്യോഗിക വാഹനം ഒഴിവാക്കി സജി ചെറിയാൻ കവടിയാർ ഹൗസിലേക്ക് പോയി. മറ്റു മന്ത്രിമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക്. എല്ലാ മാസവും ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വിരുന്നു സത്കാരം ഇന്നലെ ക്ലിഫ് ഹൗസിലായിരുന്നു. ആ വിരുന്നിലും സജി ചെറിയാൻ പങ്കെടുത്തില്ല.
ഭരണഘടനയെ ബഹുമാനിക്കുന്നയാളാണെന്ന് രാജി പ്രഖ്യാപിച്ചതിനു ശേഷം സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. രാജി സ്വതന്ത്ര തീരുമാനമാണെന്നും ഒരു മണിക്കൂർ നീണ്ട തന്റെ പ്രസംഗത്തിൽ താൻ പറഞ്ഞതു മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
സർക്കാരിന്റേയും മുന്നണിയുടെയും നയങ്ങളെ ദുർബലപ്പെടുത്താൻ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തി. മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ പ്രചാരണം നടന്നു. നിയമസഭയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
താൻ ഭരണഘടനയെ ബഹുമാനിക്കുന്ന ആളാണ്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഎം പോരാടുകയാണ്. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സിപിഎം ശക്തമായ ഇടപെടലാണ് നടത്തുന്നത്. ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന പല കാര്യങ്ങളും അട്ടിമറിക്കപ്പെട്ടുവെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.