കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച രംഗത്ത് വന്നത്. സ്വർണ്ണക്കടത്ത് വിവാദത്തെക്കുറിച്ച് പേരെടുത്ത് പരാമർശിക്കാതെ ആണ് പിണറായി വിജയൻ വിമർശനങ്ങളെല്ലാം ഉന്നയിച്ചത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിവാദങ്ങളെക്കുറിച്ച് പരാമർശിച്ചത്.
മൊത്തം വാർത്തകളിൽ എത്ര ശതമാനം ഇത്തരം വാർത്തകൾക്ക് കൊടുത്തു എന്ന് പരിശോധിക്കാൻ സദസ്സിലുണ്ടായിരുന്ന പ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷമാണ് മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. ആളുകളെ മായ വലയത്തിൽ ആക്കാം എന്ന് കരുതിയോ എന്നാണ് മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം.
വിശ്വാസ്യതക്ക് ചേർന്നത് ആണോ നിങ്ങൾ ചെയ്യുന്നത് എന്ന് നോക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മാധ്യമങ്ങളെ തിരുത്താൻ വരുന്നില്ല. മാധ്യമങ്ങളെല്ലാം സ്വയം ഇക്കാര്യം പരിശോധിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് തോന്നുന്നത് എന്നും പിണറായി വിജയൻ വ്യക്തമാക്കി.
നിങ്ങൾ ഇനിയും ഇവിടെ ഉണ്ടാകേണ്ടവർ ആണ് എന്നും പിണറായി വിജയൻ ഓർമിപ്പിച്ചു. കാര്യങ്ങൾ പരിശോധിച്ച് മനസ്സിലാക്കി സ്വയം തിരുത്തുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത് എന്ന് പിണറായി കൂട്ടിച്ചേർത്തു.
ജനങ്ങളിൽ പൂർണ വിശ്വാസം ഉണ്ട് എന്ന് 2021 ലെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. അക്കാലത്തും വലിയ വാർത്താ പ്രളയമാണ് ഉണ്ടായത്. പക്ഷേ ഇടതുമുന്നണി അധികാരത്തിൽ വരണമെന്ന് ജനം തീരുമാനിച്ചു. ഇടത് മുന്നണിക്ക് നല്ല പിന്തുണ ജനം ഇപ്പോളും നൽകുന്നു. തുടർന്നും നാടിന് വെണ്ട കര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവ കേരളം സൃഷ്ടിക്കൽ ആണ് ലക്ഷ്യം എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Also Read-
Pinarayi Vijayan | 'എന്ത് പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല, അതൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി' : മുഖ്യമന്ത്രി
സ്വർണ്ണക്കടത്ത് വിവാദത്തെക്കുറിച്ച് പേരെടുത്ത് പരാമർശിക്കാതെ ആണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഈ വേദി ഇത്തരം കാര്യങ്ങൾ പറയാൻ ഉള്ളത് അല്ല. അത് കൊണ്ട് കൂടുതൽ പറയുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. എന്ത് പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ല എന്ന് പിണറായി വിജയൻ തുറന്നടിച്ചു. ഇതൊക്കെ മനസ്സിൽ വെച്ചാൽ മതി. ഇതൊക്കെ കൊണ്ട് എന്തോ ഇളകും എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റും. അതൊക്കെ അങ്ങ് കയ്യിൽ വെച്ചാൽ മതി എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
പി സി ജോർജിനെതിരെയും പേര് പരാമർശിക്കാതെ മുഖ്യമന്ത്രി വിമർശിച്ചു. ലൈസൻസ് ഇല്ലാതെ നാവ് കൊണ്ട് എന്തും പറയാം എന്ന അവസ്ഥക്ക് എന്ത് ഉണ്ടാകും എന്ന് അടുത്ത് കണ്ടു.
വിരട്ടാൻ ഒക്കെ നോക്കി, അത് അങ്ങ് കൈവെച്ചാൽ മതി എന്നും കോട്ടയത്തെ വേദിയിൽ പിണറായി വിജയൻ ഓർമിപ്പിച്ചു. അവർക്ക് പിന്നിൽ ഏത് കൊലകൊമ്പൻ അണിനിരന്നാലും ശക്തമായ നടപടി ഉണ്ടാകും. അതാണ് നാട് ആഗ്രഹിക്കുന്നത് എന്നും പിണറായി വിജയൻ വ്യക്തമാക്കി.
കടുത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാമ്മൻമാപ്പിള ഹാളിലെ വേദിയിലെത്തിയത്. ഇതിനിടെ യുവമോർച്ചയും യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിനു സമീപം വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.