• HOME
  • »
  • NEWS
  • »
  • kerala
  • »
  • CHIEF MINISTER CHECKING WHETHER OTHER ALTERNATIVES WORK INSTEAD OF LOCKDOWN MM TV

ടി.പി.ആർ. അടിസ്ഥാനത്തിലുള്ള അടച്ചിടൽ തുടരണോയെന്ന് മുഖ്യമന്ത്രിക്കും സംശയം

ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കോവിഡ് തടയാനുള്ള സമ്പൂർണ്ണ അടച്ചിടലിനു ബദൽമാർഗം തേടി സർക്കാർ. എല്ലാക്കാലവും ഇങ്ങനെ അടച്ചിടാനാകില്ലെന്നും പകരം ശാസ്ത്രീയ മാർഗങ്ങൾ അന്വേഷിക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയേയും ചുമതലപ്പെടുത്തി.

നീണ്ടുപോകുന്ന അടച്ചിടലിൽ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അസന്തുഷ്ടി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങൾ  ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല.

ശാസ്ത്രീയമായ ബദൽ മാർഗങ്ങൾ കണ്ടെത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു.  വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചർച്ച നടത്തിയാകും റിപ്പോർട്ട് തയാറാക്കുക.

വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യ വിദഗ്ധരും ഉൾപ്പെട്ട ടീമിനാണ് ഇതിന്റെ ചുമതല. ജില്ലാ കളക്ടർമാർക്ക്  കൂടുതൽ അധികാരം നൽകി പ്രാദേശികതലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് സർക്കാർ ആലോചന. എന്നാൽ ദിവസേന ടി.പി.ആർ. വർധിച്ചു വരുന്നതിനാൽ ഇളവുകൾ എത്രത്തോളം നൽകാനാകുമെന്ന കാര്യത്തിൽ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്.



സംസ്ഥാനത്തെ രോഗവ്യാപനത്തിൽ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കേന്ദ്രത്തിലെ വിദഗ്ധ സംഘം കേരളത്തിൽ തുടരുകയുമാണ്. ഈ സാഹചര്യത്തിൽ അവരുടെ അഭിപ്രായവും നിർണായകമാകും. ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്താൻ ഉന്നതതല യോഗം തീരുമാനിച്ചു. വിനോദ സഞ്ചാരികൾക്ക് പ്രയാസം സൃഷ്ടിക്കരുത്.

ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരേ അനാവശ്യ ഇടപെടൽ പാടില്ലെന്നും ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്‌സിനേഷൻ സൗകര്യം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  നാലു ലക്ഷം ഡോസ് വാക്‌സിൻ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്‌സിൻ എന്ന കണക്കിൽ പ്രതിമാസം  ഒരു കോടി ഡോസ് നൽകാനാവും. ഇതിനായി കൂടുതൽ വാക്‌സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.
Published by:user_57
First published:
)}