പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോഴും നിരവധി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്. ഈ സാഹചര്യത്തിലാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണം ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനുമായി സര്‍ക്കാര്‍ ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷന്‍ എംപവര്‍മെന്റ് ഫണ്ട് രൂപീകരിക്കുന്നത്. ഇതിനായുള്ള പ്രത്യേക ക്യാമ്പയിനും സര്‍ക്കാര്‍ തുടക്കം കുറിച്ചു. സ്കൂളുകളിലെ പിടിഎകളുടെ സഹായത്തോടെ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കും.
സ്കൂള്‍തലത്തില്‍ സമാഹരിച്ച വിവരങ്ങള്തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാതലത്തിലും ക്രോഡീകരിക്കും. വിവരശേഖരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിന് സ്കൂള്‍, വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപന, ജില്ലാ, സംസ്ഥാനതലസമിതികള് രൂപീകരിക്കും.ഇത്തരത്തില്‍ ക്രോഡീകരിച്ച ഡിജിറ്റല്‍ ഉപകരണം ഇല്ലാത്ത കുട്ടികളുടെ കണക്ക് ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. പോര്‍ട്ടലില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളോ പണമോ സംഭാവനയായി നല്‍കാം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ടും ഇതിനായി വിനിയോഗിക്കാം.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സി എസ് ആര് ഫണ്ട് പ്രയോജനപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കാനുള്ള സംവിധാനവും പോര്‍ട്ടലില്‍ ഒരുക്കും. ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദിവാസി ഊരുകളില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമുള്ള ഊരുകളില്‍ പഠന മുറികള്‍ ഒരുക്കും. നെറ്റ് നെറ്റ് കണക്ടിവിറ്റി പ്രശ്നവും പരിഹരിക്കാന്‍ നടപടിയെടുക്കും.
ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത ആദിവാസി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കെല്ലാം ഉപകരണങ്ങള്‍ ലഭ്യമാക്കും.ധനകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തിക പിന്തുണയോടെ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് വായ്പ ലഭ്യമാക്കും. ചെറിയ പിന്തുണ ലഭിച്ചാല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ളവര്ക്ക്സഹകരണ ബാങ്കുകള്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും . സ്വന്തം കുട്ടിക്ക് ഉപകരണങ്ങള്‍ വാങ്ങിച്ച് നല്കുമ്പോള് മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി കൊടുക്കാന്‍ പറ്റുന്നവരെ അതിനു പ്രേരിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതെ സമയം ഡിജിറ്റല്‍ ക്ലാസ്സുകളുടെ പരിമിതി മറികടക്കാന്‍ സ്കൂളുകളിലെ അധ്യാപകര്‍ സംഘടിപ്പിക്കുന്ന സംവാദാത്മക ക്ലാസുകള്‍ക്ക് ഉടന്‍ തുടക്കമാകും. ആദ്യഘട്ടത്തില്‍ ജി സ്യൂട്ട് ഉപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിവേചനരഹിതമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിനിനും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം പല വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നില്ല എന്ന ആക്ഷേപം ശക്തമായി തുടരുന്നതിനിടെയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കാനുള്ള നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Education, Kerala government, Kerala students, Online Classes in Kerala