HOME » NEWS » Kerala » CHIEF MINISTER PINARAYI VIJAYAN ANNOUNCES MORE CONCESSIONS ON LOCKDOWN

Kerala Lockdown | ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും.

News18 Malayalam | news18-malayalam
Updated: May 27, 2021, 7:41 PM IST
Kerala Lockdown | ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍
pinarayi vijayan
  • Share this:
തിരുവനന്തപുരം: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കാവശ്യമുള്ള ശുചിത്വ വസ്തുക്കള്‍ നിര്‍മാണ കേന്ദ്രങ്ങളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാന്‍ അനുമതി നല്‍കും. മൊബൈല്‍ ഫോണും കംപ്യൂട്ടറും നന്നാക്കുന്ന ഷോപ്പുകളടക്കം രണ്ട് ദിവസം തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്രിത്രിമ അവയവങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ ഇവയെല്ലാം രണ്ടു ദിവസം തുറക്കുന്നത് അനുമതി നല്‍കുമെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ കോവിഡ് തരംഗം ഉച്ചസ്ഥായിയില്‍ എത്തി രോഗവ്യാപനം കുറയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച് ആയിട്ടും മരണസംഖ്യ കുറയാത്തത് സമൂഹത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇക്കാര്യം മുന്‍പ് വിശദമാക്കിയതാണ്. രോഗികളുടെ എണ്ണം പരമാവധിയിലെത്തിയ ഘട്ടത്തില്‍ രോഗബാധിതരായവര്‍ക്കിടയില്‍ ആരോഗ്യസ്ഥിതി ഗുരുതരമാവുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് ഇപ്പോഴായതിനാലാണ് മരണസംഖ്യ ഉയരുന്നത്. മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രോഗവ്യാപനത്തിന്‍റെ വേഗം പിടിച്ചുനിര്‍ത്തി ആരോഗ്യസംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുക എന്ന നയമാണ് നാം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളേക്കാള്‍ നീണ്ടു നില്‍ക്കുന്ന രോഗവ്യാപനത്തില്‍ അധികമായി ആശങ്ക ഉണ്ടാകേണ്ടതില്ല. ആളുകളുടെ ജീവന്‍ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം ഏറ്റവും നന്നായി നിര്‍വഹിക്കുക എന്നതിന് പ്രാധാന്യം നല്‍കിയേ തീരൂ.

Also Read- കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക പാക്കേജ്; ഒറ്റത്തവണയായി മൂന്നു ലക്ഷം രൂപ നല്‍കും; മുഖ്യമന്ത്രി

ലോക്ഡൗണ്‍ ഇളവുകള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മനുഷ്യസഹജമാണ്. കേരളത്തിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഏകദേശം ഇരട്ടിയാണ്. അതുകൊണ്ട് ലോക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കോവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഉണ്ടാകാതെ നമ്മള്‍ നോക്കണം.

മാസ്ക്, സാനിറ്റൈസര്‍ മുതലായ കോവിഡ് പ്രതിരോധ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിലയ്ക്ക് തന്നെ വില്‍ക്കണമെന്ന് നേരത്തേ ഉത്തരവായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും ഇവ വിലകൂട്ടി വില്‍ക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് ഇത്തരം സാധനങ്ങള്‍ വിറ്റ കാസര്‍കോട്ടെ ചെര്‍ക്കളം, മഞ്ചേശ്വരം, ബദിയടുക്ക എന്നിവിടങ്ങളിലെ മൂന്ന് മരുന്നുകടകള്‍ക്കെതിരേ കേസെടുക്കുകയും അവ അടപ്പിക്കുകയും ചെയ്തു. തൊടുപുഴയില്‍ ഒരു സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടു മുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ യഥാസമയം അറിയിക്കലും ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ സെന്‍ററിനോട് മികച്ച പ്രതികരണമാണ് ആദ്യ ദിവസങ്ങളില്‍ത്തന്നെ ഉണ്ടാകുന്നത്.
Published by: Anuraj GR
First published: May 27, 2021, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories