തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവജനങ്ങളെ വർഗീയതയിലേക്കും തീവ്രവാദ ആശയങ്ങളിലേക്കും വഴി തിരിച്ച് വിടാൻ നീക്കം നടക്കുന്നുവെന്ന സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ശ്രമങ്ങൾ നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാന ഇന്റലിജൻസ് മേധാവി ഇത്തരം റിപ്പോർട്ടുകളൊന്നും സർക്കാരിന് നൽകിയിട്ടില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ കീഴ്ഘടകങ്ങളിൽ ചർച്ച ചെയ്യാനായി സിപിഎം തയ്യാറാക്കിയ കുറിപ്പിലാണ് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഇത്തരം നീക്കം നടക്കുന്നതായി ആരോപിച്ചിരുന്നത്. എന്നാൽ സ്വന്തം പാർട്ടിയുടെ കണ്ടെത്തൽ തന്നെ മുഖ്യമന്ത്രി നിഷേധിച്ചിരിക്കുകയാണ്.
വർഗീയ കലാപത്തിന് നീക്കം
ക്യാമ്പസുകളിൽ തീവ്രവാദശ്രമങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും സംസ്ഥാനത്ത് ഒരു വിഭാഗം വർഗീയ കലാപത്തിന് ബോധപൂർവ്വമായ നീക്കം നടത്തുന്നുണ്ടെന്നാണ് സർക്കാർ നിലപാട്. ചില ഓൺലൈൻ പോർട്ടലുകൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർപോലീസും രഹസ്യാന്വേഷണവിഭാഗവും ഓൺലൈൻ പോർട്ടലുകളുടെ നീക്കം നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
സമൂഹമാധ്യമ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരത്തിന് നീക്കം നടക്കുന്നതും സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. വാട്ട്സ്അപ്പ് ഹർത്താലും വർഗ്ഗീയ പ്രചരണവും നടത്തി സംഘർഷം ഉണ്ടാക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗപ്പെടുത്തുന്നുണ്ട്.
മതസാമുദായിക സംഘടനകളുടെ യോഗം ഇല്ല മത സാമുദായിക സംഘടനകളുടെ യോഗം ഇപ്പോൾ വിളിച്ചുചേർക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് സർക്കാർ നിലപാട്.പാലാ ബിഷപ്പിന്റെ പ്രസ്ഥാവനയെതുടർന്നുണ്ടായ പ്രത്യേക സാഹചര്യം പരിഹരിക്കാൻ ഇത്തരം നീക്കം വേണമെന്ന ആവശ്യം പ്രതിപക്ഷസംഘടനകളടക്കം ഉന്നയിച്ചിരുന്നു.
ഇത് നിരാകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ നിലപാട് വ്യക്തമാക്കിയത്.പൊതുവിൽ സംസ്ഥാനത്ത് മത സൗഹാർദ്ദപരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. മതസൗഹാർദ്ദം ഉറപ്പ് വരുത്താനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.