തിരുവനന്തപുരം: മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് 5 വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ആറു മരണങ്ങളും റിപ്പോർട്ടു ചെയ്തു. ഒരാളെ കാണാതായെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കൻ, മധ്യ കേരളത്തിൽ കേന്ദ്രീകരിക്കും. നാളെ കഴിയുന്നതോടെ അത് വടക്കൻ കേരളത്തിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 24 മണിക്കൂറിൽ 200 മില്ലിലീറ്ററിൽ കൂടുതൽ മഴ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രതീക്ഷിക്കുന്നു. തുടർച്ചയായ നാലു ദിവസം ഇത്തരത്തിൽ മഴ ലഭിച്ചാൽ പ്രതിസന്ധി സൃഷ്ടിക്കും.
'മുൻകരുതൽ നടപടി സ്വീകരിച്ചു'
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനം ആരംഭിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതും തയാറെടുപ്പും ആവശ്യമാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ഉരുൾപൊട്ടൽ സാധ്യതയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം ഉടൻ പൂർത്തീകരിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങൾ മുൻകൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Also Read- കനത്ത മഴ: ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
എൻഡിആര്‍എഫിന്‍റ 4 അധികസംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. ജലസേചന വകുപ്പിനു കീഴിലുള്ള 17ഓളം അണക്കെട്ടുകളില്‍നിന്നും വെള്ളം പുറത്തുവിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.
'വലിയ അണക്കെടുകൾ തുറക്കേണ്ട സാഹചര്യമില്ല'
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കും. ജലസേനചന വകുപ്പിന്റെ 17 അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തുവിടുന്നുണ്ട്. കെ.എസ്.ഇ.ബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫിസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്. സാക്കറെയെയും നിയോഗിച്ചു. അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എംഎല്‍എ, എംപിമാരെയും കൂടി പങ്കെടുപ്പിക്കും.
ജില്ലാ, താലൂക്ക് തല ഇന്‍സിഡന്‍റ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ നിര്‍ബന്ധമായും അതാത് സ്ഥലങ്ങളില്‍ ഓഗസ്റ്റ് 5 വരെ ഉണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പിഎച്സി/സിഎച്സി ഡോക്ടര്‍മാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ അതാത് ഡ്യൂട്ടി സ്റ്റേഷനില്‍ ഉണ്ടാകണം. എല്ലാ ജില്ലകളിലും ജെസിബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളില്‍ നിന്നും വാഹന്‍ പോര്‍ട്ടല്‍ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത് മുന്‍ഗണന നല്‍കാനും കണ്ടെത്തിയവരെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.
'മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്'
ട്രോളിങ് അവസാനിച്ചെങ്കിലും കടല്‍ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തണം. സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അതിനാവശ്യമായ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട സ്ഥലങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വറ്റിക്കുവാന്‍ ആവശ്യമായ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്നി രക്ഷാ വകുപ്പ് എന്നിവര്‍ ഉറപ്പ് വരുത്തണം. പാലങ്ങള്‍ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എന്‍ജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവര്‍ക്കാണ്.
വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം.
Also Read- Rains LIVE ആറ് മരണം;ഒരാളെ കാണാതായി;അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടും
വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി പൂര്‍ത്തീകരിക്കണം. സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുകയും, അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ പരിഹരിക്കുകയും വേണം. ഒഴിപ്പിക്കലിന് ബോട്ടുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കടത്ത് തോണികള്‍, ഹൌസ് ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളില്‍ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം
ഏഴ് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
സംസ്ഥാനത്താകെ ഏഴ് ക്യാംപുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കൊല്ലം 1, പത്തനംതിട്ട 1, ഇടുക്കി 1, കോട്ടയം 2, തൃശൂര്‍ 1, വയനാട് 1. വിവിധ ജില്ലകളിലായി ആകെ 90 ആളുകളെ ഇതുവരെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 19 പുരുഷന്‍മാരും 23 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയാറാകണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ്തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.
കൺട്രോൾ റൂം തുറന്നു
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫിസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. നമ്പര്‍ 807 8548 538. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്സ്, സിആര്‍പിഎഫ്, ബിഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്, ഐടിഡിപി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കവക്ടര്‍മാര്‍ക്ക് സ്കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ അവധി നല്‍കിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം.
'ഫണ്ട് ദൗര്‍ലഭ്യം കാരണം പ്രവർത്തനങ്ങൾ മുടങ്ങരുത്'
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഫണ്ട് ദൗര്‍ലഭ്യം മൂലം ഒരു പ്രവര്‍ത്തനങ്ങളും മുടങ്ങാന്‍ പാടില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോര്‍പ്പറേഷനുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യണം എന്ന് നിര്‍ദേശം നല്‍കി. മഴ രൂക്ഷമായ സാഹചര്യത്തില്‍ അപകട സാധ്യതകള്‍ കൂടുതലാണ്. ഇത് മനസിലാക്കി കാല്‍നട യാത്രക്കാരടക്കം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ രാത്രിയാത്ര കഴിവതും ഒഴിവാക്കാനും ശ്രമിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാല്‍ മരങ്ങള്‍ കടപുഴകാനും ഇലക്ട്രിക്ക് പോസ്റ്റുകള്‍ റോഡിലേക്ക് വീഴുവാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപാലിച്ച് സഞ്ചരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഇത്തരം ഘട്ടങ്ങളില്‍ എല്ലാവരും കൈകോര്‍ത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ശീലമാണ് നമ്മുടെ നാടിന്റേത്. ഇപ്പോള്‍ പറയാനാവില്ലെങ്കിലും അസാധാരണമായ മഴ തീവ്രമായ തോതില്‍ വരുന്നു എന്ന് തന്നെയാണ് കാണേണ്ടത്. അങ്ങനെയാണ് മുന്നറിയിപ്പുകള്‍. അത് കൊണ്ട് തന്നെ മുന്‍കരുതലുകള്‍ എടുക്കേണ്ടതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതും നമ്മുടെയാകെ ഉത്തരവാദിത്തമായി കരുതേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും തങ്ങളുടേതായ സംഭാവന ഇതില്‍ നല്‍കാനാകും. ഒരു തരത്തിലുമുള്ള ഭേദ ചിന്തയുമില്ലാതെ മുഴുവനാളുകളും കൈകോര്‍ത്ത് ഈ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ മുന്നിട്ടിറങ്ങണം എന്ന് ഒരിക്കല്‍ കൂടി അഭ്യർഥിക്കുന്നതായു മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Kerala flood, Kerala rain, Kerala Rain Alert