• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി

Pinarayi Vijayan | ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും

  • Share this:
തിരുവനന്തപുരം: അമേരിക്കയിലെ (United States of America) ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3.30ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിയത്.  ഡിജിപി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ചികിത്സയിലിരിക്കെ ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും.12 ന് നടക്കുന്ന ഇടതു മുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുക്കും.

കഴിഞ്ഞ മാസം 28നാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജനുവരിയിൽ അദ്ദേഹം യുഎസിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കുകള്‍ മൂലമാണ് യാത്ര വൈകിയത്.

Thrikkakara By-Election| എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു


കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ (Thrikkakara By-Election) എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് (LDF candidate Dr Jo Joseph) വരണാധികാരി മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു. ജോ ജോസഫിന് കെട്ടിവെക്കാനുള്ള പണം പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് നൽകിയത്.

സിപിഎം ജില്ല സെക്രട്ടറി സി എൻ മോഹനൻ, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. കാക്കനാട് കളക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ പകല്‍ 11നാണ് പത്രിക സമര്‍പ്പിച്ചത്.

കളപ്പുരക്കൽ പറമ്പിൽ കുടുംബത്തിൽ കെ വി ജോസഫിന്റെയും എം ടി ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബർ 30നാണ് ഡോ. ജോ ജോസഫ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പാലാ സെന്റ് വിൻസെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നിന്നും പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് പാസായശേഷം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസും ഒഡീഷയിലെ എസ്‍സിബി മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) നിന്നു കാർഡിയോളജിയിൽ ഡിഎം കരസ്ഥമാക്കി. 2012 മുതൽ എറണാകുളം ലിസ്സി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി പ്രവർത്തിച്ചു വരികയാണ്. അക്കാദമിക തലത്തിൽ ജോ ജോസഫ് മികവ് പുലർത്തിയിരുന്നു.

സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എന്‍ജിഒയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂുട്ടീവ് ട്രസ്റ്റിയാണ്. വിവിധ കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് വ്യാപനകാലത്തും സാമൂഹിക ഇടപെടലുകൾ നടത്തി.
Published by:Arun krishna
First published: