• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad Murder|വർഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം: മുഖ്യമന്ത്രി

Palakkad Murder|വർഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണം: മുഖ്യമന്ത്രി

കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ.

  • Share this:
    തിരുവനന്തപുരം: മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ.

    നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.

    Also Read-കോടഞ്ചേരി മിശ്രവിവാഹം: ജോയ്സന മരിയ ജോസഫ് ചൊവ്വാഴ്ച്ച ഹൈക്കോടതിയിൽ ഹാജരാവും

    കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും.

    വർഗീയതയുടെയും സങ്കുചിതത്വത്തിന്റേയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

    Also Read-വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറിയെന്ന് ഡി രാജയും ആനി രാജയും പറഞ്ഞത് ശരി: വിഡി സതീശൻ

    അതേസമയം, പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. രണ്ടു കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എ.സുബൈര്‍ (43) വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനിവാസന്‍ വധക്കേസില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published: