തിരുവനന്തപുരം: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാര്‍ക്കോട്ടിക് എന്നതിന് ഏതെങ്കിലും മതത്തിന്റെ നിറം നല്‍കേണ്ടതില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാര്‍ക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു പ്രത്യേക സമൂദായത്തെ ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവന്‍ ബാഘിക്കുന്ന പ്രശ്നമാണ്. ഇതില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചത്. സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്.
നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാര്‍ലറുകള്‍ ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു.
സമൂഹ മാധ്യമങ്ങള്‍ അടക്കം ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനുപിന്നാലെയാണ് പാലാ ബിഷപ്പിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ രംഗത്തെത്തി.
ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറായില്ലെങ്കില്‍ ജോസഫ് കല്ലറങ്ങാട്ടിനെ നെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി ആമീന്‍ ഷാ ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.