തിരുവനന്തപുരം: ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്തുന്ന വിശാല ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ടെന്നും അത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ കര്‍ത്തവ്യം കൂടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീപക്ഷ നവകേരളം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ പ്രചരണാർത്ഥം കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന കലാജാഥയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ- സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ബഹുമുഖ പിന്നാക്കാവസ്ഥയുടെ ചങ്ങലകളില്‍ നിന്നും ഒരു ജനതയെ മോചിപ്പിക്കുകയും പുരോഗമന പാതയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്ത ചരിത്രമുള്ള നാടാണ് കേരളം. എന്നാല്‍ സമീപകാലത്ത് സ്ത്രീധനവും സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്നങ്ങള്‍ വ്യക്തികളിലും കുടുംബങ്ങളിലും ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ ആപല്‍ക്കരമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. അതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സമൂഹത്തിലെ സ്ത്രീകളെയാകെ പങ്കാളികളാക്കി നടപ്പാക്കി വരുന്ന സ്ത്രീപക്ഷ നവകേരളമെന്ന പദ്ധതി നടപ്പാക്കുന്നത്.
സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ പൊരുതാനും അതുവഴി സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പു വരുത്താനും സാധിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. തദ്ദേശ സ്ഥാപനങ്ങളും ഇതര വകുപ്പുകളുമായും സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ഈ ദൗത്യം സ്ത്രീമുന്നേറ്റങ്ങൾക്ക് കരുത്തു പകരും. സ്ത്രീപക്ഷ നവകേരളം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളുടെ പ്രചരണാർത്ഥം സ്ത്രീ ശക്തി കലാജാഥ സംസ്ഥാനത്താകമാനം പര്യടനം നടത്തുകയാണ്. സ്ത്രീധനമെന്ന വിപത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്താനും ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഓരോ വ്യക്തിയിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനുമായി പരിശീലനം സിദ്ധിച്ച 168 കലാകാരികളാണ് ഓരോ ജില്ലയിലും കലാജാഥ അവതരിപ്പിക്കുന്നത്.
ഏവര്‍ക്കും തുല്യ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഈ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ലിംഗനീതിയും തുല്യതയും ഉറപ്പു വരുത്തുന്ന വിശാല ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ സ്ത്രീധനം പോലുള്ള സാമൂഹ്യ തിന്മകളെ നാം ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന മഹത്തായ കര്‍ത്തവ്യം കൂടിയാണ്. ആ കർത്തവ്യം ഏറ്റെടുത്ത് തുല്യനീതിയിൽ അധിഷ്ഠിതമായ നവകേരളം കെട്ടിപ്പടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.