തൃശൂര്‍: ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെതിരേ തുറന്നടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്ന് പറയുന്നു. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ നാമജപ യാത്രയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഓരോരുത്തര് ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നായിരുന്നു ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മറുപടി.
ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാര്‍ച്ചനക്ക് എത്തിയ ബിജെപി സ്ഥാനാർഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കമ്മ്യൂണിറ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലത്ത് അതിക്രമിച്ച് കയറി പുഷ്പാര്‍ച്ചന നടത്തി മുദ്രാവാക്യം വിളിച്ചത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. പ്രകോപനമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ സംയമനത്തോടെയാണ് അവിടെയുള്ളവര്‍ പെരുമാറിയതെന്നും പിണറായി പറഞ്ഞു.
എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മറ്റ് പാര്‍ട്ടുകളുടേത് പോലെ വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതല്ലെന്നും പറയുന്ന കാര്യം ഗൗരവമായി നടപ്പാക്കുക എന്നതാണ് എല്‍ഡിഎഫിന്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയാണ് എല്‍ഡിഎഫിന്റെത്. കഴിഞ്ഞ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
കോവിഡിന് എതിരായ പോരാട്ടം തുടരണം. സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തി അടയ്ക്കാൻ പാടില്ല എന്നുണ്ട്. നേരത്തെ ഇക്കാര്യം കേന്ദ്രത്തിനെ അറിയിച്ചു. വേണമെങ്കിൽ ഇനിയും ഇടപെടും. സംസ്ഥാനത്ത് കോവിഡ് വ്യാപന തരംഗത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടിയെന്നാണ് വിദഗ്ധർ പറയുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സീൻ വിതരണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.