• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan| മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും; വാർത്താസമ്മേളനം നാലര മാസത്തിനുശേഷം

Pinarayi Vijayan| മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും; വാർത്താസമ്മേളനം നാലര മാസത്തിനുശേഷം

സിൽവർലൈൻ, ലോകായുക്ത ഓർഡിനൻസ് എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് ആറിന്. കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. നാലരമാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നത്.

    കോവിഡ് പ്രതിദിന കണക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിക്കുന്നതടക്കം ചില ഇളവുകൾ കഴിഞ്ഞ ദിവസത്തെ യോഗത്തിലെടുത്തിരുന്നു. ഇളവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദമാക്കും. സ്കൂളുകളുടെ പ്രവർത്തനം ഈ മാസം അവസാനത്തോടെ പൂർണതോതിൽ ആരംഭിക്കാനും തീരുമാനമെടുത്തിരുന്നു ഇതു സംബന്ധിച്ചും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും.

    കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം നാലരമാസം മുൻപാണ് നിർത്തിയത്. അതിനുശേഷം സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വഴിയും സിപിഎം സമ്മേളനങ്ങളിലെ പ്രസംഗങ്ങളിലൂടെയും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നെങ്കിലും വാർത്താസമ്മേളനം നടത്തി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധവും കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാനാണ് സാധ്യത.

    ലോകായുക്ത ഓർഡിൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഘടക കക്ഷിയായ സിപിഐയും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെ ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെ നിയമസഭാ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട തീയതികളിലും ഇന്നത്തെ ക്യാബിനറ്റ് യോഗം തീരുമാനമെടുത്തു. ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ മറുപടിക്കായി കാതോർ‌ക്കുകയാണ് കേരളം.

    സർക്കാരിന്റെ അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ രചിച്ച പുസ്തകം പുറത്തുവന്നതും പിന്നാലെയുണ്ടായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ തുടർ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഈ വിഷയത്തിലും നിലപാട് വ്യക്തമാക്കിയേക്കും.

    സംസ്ഥാന ബജറ്റ് മാർച്ച് 11ന്; നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ

    സംസ്ഥാന നിയമസഭ സമ്മേളനം (Assembly Session) ഫെബ്രുവരി 18ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. നയപ്രഖ്യാപന പ്രസംഗത്തിന് ഇന്നുചേർന്ന മന്ത്രിസഭാ യോഗം (Cabinet അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.

    നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.

    ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാർച്ച് ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്.
    Published by:Rajesh V
    First published: