നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽപെട്ടു; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

  Accident| മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽപെട്ടു; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

  മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്.

  • Share this:
   കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) വാഹനത്തിന് എസ്കോർട്ട് പോയ വാഹനങ്ങൾ (escort vehicles) അപകടത്തിൽ പെട്ടു. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.

   കാസർകോട്ടെ സിപിഎം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന്‌ തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പൊലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്‌. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.

   പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തിയറ്ററില്‍ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്. മറ്റൊരു വാഹനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. ഇതേത്തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന്‌ തൊട്ടു പിന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍ കാരണമായതെന്നാണ്‌ പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

   പയ്യന്നൂർ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.

   കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവം; രണ്ട് കേസുകളിലായി 24 അതിഥി തൊഴിലാളികൾ അറസ്റ്റിൽ

   കൊച്ചി കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ (Kerala Police) ആക്രമിച്ചതുമായി ബന്ധപ്പെട്ട് 24 പേർ അറസ്റ്റിൽ.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ക്രിമിനൽ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിന് 18 പേർക്കെതിരെയും പൊതുമുതൽ നശിപ്പിച്ചതിന് 6 അതിഥി തൊഴിലാളികൾക്ക് എതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.

   സംഭവത്തിൽ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്(Injured). മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്‍കിയ ക്യാംപിലാണ് അക്രമം നടന്നത്.

   കുന്നത്ത് നാട് സിഐയ്ക്ക് അടക്കം അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു.

   ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടത്തിയാണ് പൊലീസ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.

   പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമെത്തി അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത്. ഇപ്പോഴും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

   മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
   Published by:Rajesh V
   First published: