പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി
16 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കൺവെൻഷൻ സെൻററിന് സിപിഎം ഭരണസമിതി അകാരണമായി അനുമതി നിഷേധിച്ചതാണ് സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു
തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടെങ്കിൽ കർശന നടപടിയെടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ വീഴ്ച ഉണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മന്ത്രി എ സി മൊയ്തീനും പറഞ്ഞു.
മരണം കേവലം ആത്മഹത്യയായി കാണാൻ ആകില്ലെന്നും സിപിഎം ഭരണസമിതി സാജനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് ആരോപിച്ചു.
16 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കൺവെൻഷൻ സെൻററിന് സിപിഎം ഭരണസമിതി അകാരണമായി അനുമതി നിഷേധിച്ചതാണ് സാജൻ പാറയിലിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജില്ലാ ടൗൺ പ്ലാനർ തന്നെ അനുമതി നൽകാൻ നിർദേശിച്ചിട്ടും പല കാരണങ്ങൾ പറഞ്ഞ് നഗരസഭാ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് വന്നപ്പോഴാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടി ഗ്രാമത്തിൽ പ്രവാസി ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കു മാത്രമാണോ എന്നും എങ്കിൽ ഉദ്യോഗസ്ഥർ ഭരിച്ചാൽ മതിയല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം.
ചട്ടലംഘനം പരിഹരിക്കാം എന്ന് സാജൻ തന്നെ രേഖാമൂലം മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി എ.സി മൊയ്തീൻ മറുപടി നൽകി . മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് സഹോദരന്റെ മൊഴിയെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും സഭയിൽ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.