തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ആസൂത്രിതമാണെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍ഡ് ഡയറക്ടര്‍ മനോജ് എബ്രഹാം. തട്ടിപ്പിന് പിന്നിൽ ഒരു സംഘം തന്നെയുണ്ടെന്നാണ് സംശയിക്കുന്നത്. സംഘടിതമായ നീക്കമാണിതെന്നും മനോജ് എബ്രഹാം പറഞ്ഞു. ഒരു ഏജന്റിന്റെ നമ്പര്‍ തന്നെ കുറേ അപേക്ഷകളില്‍ കണ്ടെത്തിയതാണ് സംശയം വർദ്ധിപ്പിച്ചത്. രണ്ടു വര്‍ഷത്തെ അപേക്ഷകളാണ് വിജിലന്‍സ് പരിശോധിച്ചത്. ഇതില്‍ തന്നെ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസാണ് തട്ടിപ്പിനെ കുറിച്ച് അലർട്ട് നൽകിയതെന്ന് വിജിലൻസ് ഡയറക്ടർ പറഞ്ഞു. സംശയം തോന്നിയ ചില അപേക്ഷകൾ വിശദമായി പരിശോധിച്ചപ്പോൾ അവർക്ക് തന്നെ തട്ടിപ്പ് ബോധ്യപ്പെട്ടു. ഇതോടെയാണ് ഇക്കാര്യം വിജിലൻസിന് അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വ്യാപക പരിശോധന നടത്തിയതെന്നും മനോജ് എബ്രഹാം പറഞ്ഞു.
വിജിലൻസ് നടത്തിയ പരിശോധനയിൽ കുറേ സ്ഥലങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. പരിശോധനയുടെ ഭാഗമായി ഫീല്‍ഡ് എന്‍ക്വയറി നടത്തും. അപേക്ഷകരുടെ വീടുകളിലും, വില്ലേജ് ഓഫീസുകളിലും അടക്കം പരിശോധന നടക്കും. ഇതുവഴി, ഇടനിലക്കാരും ഉദ്യോഗസ്ഥരും അടക്കം ആരുടെയൊക്കെ പങ്കുണ്ടെന്ന് കണ്ടെത്താനാകുമെന്നും വിജിലൻസ് ഡയറക്ടർ പറഞ്ഞു.
ദുരിതാശ്വാസ നിധി തട്ടിപ്പ് സംബന്ധിച്ച് ഏറ്റവുമധികം പരാതികൾ വിജിലൻസിന് ലഭിച്ചത് കൊല്ലത്തുനിന്നാണെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഇതോടെ മറ്റ് ജില്ലകളിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു. പരിശോധന മൂന്ന് നാല് ദിവസംകൊണ്ട് പൂർത്തിയാക്കും. നിലവിൽ ആരുടെയും അപേക്ഷ തടഞ്ഞുവെച്ചിട്ടില്ല. യോഗ്യതയുള്ളവർക്ക് ധനസഹായം ലഭിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.