പത്തനംതിട്ട: മാതാപിതാക്കളുടെ അനാസ്ഥ മൂലം മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ വന്ന നവജാത ശിശു അവശനിലയിലായി. കാമുകനിൽ നിന്ന് ഗർഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏൽപിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനേത്തുടർന്നാണിത്. വിവരം അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടതോടെ ഇതോടെ 24 കാരനായ കാമുകനും 37 കാരിയായ കാമുകിയും കുടുങ്ങി.
പത്തനംതിട്ട പെരുംപെട്ടി സ്വദേശിയായ ബസ് ഡ്രൈവറും റാന്നി സ്വദേശിനിയായ യുവതിയുമാണ് ഊരാക്കുടുക്കിലായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വീട്ടമ്മയുടെ ഭര്‍ത്താവ് കുവൈറ്റിലാണ്. 16 വയസുള്ള ഒരു മകളും ഇവർക്കുണ്ട്.
താൻ കാരണം കാമുകിയുടെ കുടുംബത്തിന് കുഴപ്പമൊന്നും വരരുതെന്ന് കരുതി കുഞ്ഞിനെ തന്റെ വീട്ടിൽ കൊണ്ടുപോയ കാമുകന് ഇപ്പോള്‍ കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയാണ്. വീട്ടമ്മയും ഇതേ നിലപാട് ആവർത്തിക്കുന്നു. എന്നാൽ തെളിവുകൾ എതിരായതോടെ ഇവരുടെ വാദം ദുർബലമായി.
കുഞ്ഞ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലായതോടെ ഇരുവര്‍ക്കുമെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കേണ്ടിവരും.
ഗര്‍ഭിണിയായ വിവരം വീട്ടമ്മ വീട്ടുകാരില്‍ നിന്നൊളിച്ച് വയ്ക്കുകയായിരുന്നു എന്നാണ് സൂചന. ജൂലൈ അവസാനത്തോടെയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ യുവതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മറ്റാരും കൂടെ നില്‍ക്കാനില്ലാത്തതിനാല്‍ ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കിയിരുന്നു. ശമ്പളം കിട്ടില്ലെന്ന് മനസിലായഇവർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്ഥലം വിട്ടു. ഈ യുവതിക്ക് ബൈസ്റ്റാന്‍ഡര്‍ അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ ശഠിച്ചു. ആശുപതിയിലെ പ്രസവവാര്‍ഡില്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ല. എന്നാല്‍ വേറെ ആരുമില്ലെന്നും താന്‍ മാത്രമേ ഉള്ളൂവെന്നും യുവാവ് അറിയിച്ചതോടെ ആശുപത്രി മാനേജ്മെന്റ് ഇയാളെ ബൈസ്റ്റാന്‍ഡര്‍ ആയി നിര്‍ത്താന്‍ അനുമതി നല്കി.
ജൂലൈ 28 ന് സിസേറിയനിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു. പോകുന്ന വഴിക്ക് തന്നെ യുവതി കുഞ്ഞിനെ കാമുകനെ ഏല്‍പ്പിച്ചു.
ഭർത്താവും മകളും അറിയുമെന്നതിനാൽ സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്.
നവജാത ശിശുവുമായി വീട്ടിലേക്ക് പോയ യുവാവ് അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് പറഞ്ഞില്ല. എന്നാൽ മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ അവശ നിലയിലായതോടെ കുഞ്ഞിനെ വീണ്ടും അതേ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Also Read-
നാടൻ ഫ്ലേവറിൽ കോണ്ടം വരുന്നു; പുത്തൻ പ്രോഡക്റ്റ് അവതരിപ്പിച്ച് കമ്പനി
ഒപ്പം യുവാവിന്റെ മാതാവും സഹോദരിയും ജില്ലാ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് കെ സജിനാഥിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ പത്തനംതിട്ട ഓമല്ലൂര്‍ തണലിലേക്ക് മാറ്റി. പിന്നാലെ കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തി. കുട്ടി തങ്ങളുടേതല്ലെന്നാണ് മാതാവും കാമുകനും ഇപ്പോൾ പറയുന്നത്. എന്നാൽ പ്രസവിച്ചതിനും കൊണ്ടു പോയതിനുമെല്ലാം ആശുപത്രിയില്‍ രേഖയും സിസിടിവി ദൃശ്യങ്ങളുമുണ്ട്. അതിനാല്‍ പ്രസവിച്ചില്ലെന്ന വീട്ടമ്മയുടെ വാദം നിലനില്‍ക്കില്ല. എന്നാല്‍, കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദം പരിശോധിക്കാന്‍ ഇനി ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വരും.
നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം അമ്മയെ അറസ്റ്റ് ചെയ്യാം. എന്നാൽ കുട്ടി തന്റെയാണെന്ന് സമ്മതിച്ച് മാപ്പ് എഴുതി കൊടുത്താല്‍ അറസ്റ്റ് ഒഴിവാകും. അതിന് ശേഷം 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം എഴുതി നല്കിയാല് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയെ ഏറ്റെടുക്കും.
ഇതിന് ശേഷം ഏറ്റെടുക്കുന്ന കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ദത്ത് നല്‍കും. അതിന് മുന്നോടിയായി ഡിഎന്‍എ പരിശോധനയിലൂടെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും ചെയ്യും. കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് യുവാവിന്റെ വീട്ടുകാര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.