ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് (Popular Front) പരിപാടിയിൽ മുതിർന്നവരുടെ തോളിലേറി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയാണ് കുട്ടി. ന്യൂസ് 18 കേരളമാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. ഈ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി പൊലീസ് സ്ഥലത്തെത്തി. റാലിയിൽ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ കുട്ടിയെ മുൻപും പോപ്പുലർ ഫ്രണ്ട് സമരങ്ങളിൽ പങ്കെടുപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചിരുന്നതായും കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു. കുട്ടിയുടെ രക്ഷിതാക്കളെ പ്രതിചേർക്കാനുള്ള വിവരം പൊലീസ് ആരംഭിച്ചുവെന്നാണ് വിവരം.
കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തെങ്കിലും കുട്ടി ആരെന്ന് വെളിപ്പെടുത്താൻ തയാറായിരുന്നില്ല. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താൻ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും ചോദ്യം ചെയ്തെങ്കിലും കുട്ടിയെ പറ്റിയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല.
ശനിയാഴ്ച നടന്ന റാലിയിലാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്. നവാസിനെ അൽപം മുൻപ് റിമാൻഡ് ചെയ്തിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.