മലപ്പുറം: ജില്ലയിൽ പുതിയതായി മൂന്നുപേർക്കുകൂടി കോളറ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. വഴിക്കടവിലെ കടകളിൽനിന്ന് വെള്ളവും ഭക്ഷണവും കഴിച്ചവരാണ് രോഗം ബാധിച്ചവരെല്ലാം.
വഴിക്കടവ് പഞ്ചായത്തിലെ 11 പേർക്കും എടക്കര, തൃക്കലങ്ങോട്, അമരമ്പലം പഞ്ചായത്തിലെ ഓരോരുത്തർക്കുമാണ് കോളറ സ്ഥിരീകരിച്ചത്. കടയിൽനിന്ന് ഭക്ഷണമോ ചായയോ കഴിച്ചവവരിൽ ലക്ഷണമുള്ളവർ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. അതിനിടെ വഴിക്കടവിൽ രണ്ടുപേർക്ക് നോറ വൈറസ് ബാധയും സ്ഥിരീകരിച്ചു.
കൂടുതൽ പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ വഴിക്കടവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. പ്രതിരോധ പ്രവർത്തനത്തിനിടെ മലിന ജലം പുഴയിലേക്കും ഓടയിലേക്കും ഒഴുക്കിയതായി കണ്ടെത്തിയ ലോഡ്‌ജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.
Also Read- കോളറ മുതൽ കോവിഡ് വരെ: മഹാമാരികളുടെ വലിയ ചരിത്രം ഇന്ത്യക്കാരുടെ ഓർമകളിൽ നിന്ന് മറഞ്ഞുപോയതെങ്ങനെ?
വഴിക്കടവ് ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്‌ജിൽനിന്നാണ് മലിനജലം കാരക്കോടൻ പുഴയിലേക്ക് ഒഴുക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതോടെ മുജാഹിദ് പള്ളി മുതൽ ബസ് സ്റ്റാന്‍ഡ് വരെ സ്ലാബുകൾ മാറ്റി ഓട പരിശോധിച്ചു. ചില സ്ഥാപനങ്ങൾ പൈപ്പിലൂടെ ഓടയിലേക്ക് നേരിട്ട് മലിനജലം ഒഴുക്കുന്നതായും കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.