• HOME
 • »
 • NEWS
 • »
 • kerala
 • »
 • Churuli| 'ഇതെന്നാ എടപാടാ? ഞങ്ങളെ ഇങ്ങനെ അപമാനിക്കുവാണോ?ചുരുളിക്കെതിരേ ചുരുളി നിവാസികൾ

Churuli| 'ഇതെന്നാ എടപാടാ? ഞങ്ങളെ ഇങ്ങനെ അപമാനിക്കുവാണോ?ചുരുളിക്കെതിരേ ചുരുളി നിവാസികൾ

സിനിമയിലെ ചില സംഭാഷണങ്ങള്‍ ഗ്രാമവാസികളെ അവഹേളിക്കുന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടതിലാണ്‌ നാട്ടുകാരുടെ പ്രതിഷേധം.

ചുരുളി ഗ്രാമം

ചുരുളി ഗ്രാമം

 • Last Updated :
 • Share this:
  ഇടുക്കി: ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്ത ചുരുളി (Churuli) സോണി ലിവ് (Sony Liv) ഒടിടി പ്ലാറ്റ് ഫോമിലാണ് റിലീസ് ചെയ്തത്. 18 വയസ് കഴിഞ്ഞവർക്ക് (A Certificate) മാത്രമേ സിനിമ കാണാൻ അനുവാദമുള്ളൂ. തെറിവിളികൾ അതിരുവിട്ടുവെന്ന വിമർശനവും സിനിമക്കെതിരെ ഒരു വിഭാഗം ഉയർത്തുന്നു. എന്നാൽ സിനിമയെ അനുകൂലിക്കുന്നവരും ഏറെയാണ്. ഇതിനിടെയാണ് ഇടുക്കിയിലെ ചുരുളി ഗ്രാമവാസികൾ സിനിമക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

  സിനിമയിലൂടെ തങ്ങളുടെ നാടിനും പ്രസിദ്ധി കിട്ടുമെന്നാണ്‌ നിഷ്‌കളങ്കരായ ചുരുളിക്കാര്‍ സിനിമയുടെ ചിത്രീകരണ സമയത്ത്‌ പ്രതീക്ഷിച്ചത്‌. എന്നാല്‍ സിനിമ റിലീസ്‌ ചെയ്‌തപ്പോള്‍ തങ്ങള്‍ക്ക് കുപ്രസിദ്ധിയാണ് ലഭിച്ചതെന്ന പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
  ഇതിന്റെ പേരില്‍ ചുരുളി സിനിമക്കെതിരെ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി ഗ്രാമവാസികള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌.

  സിനിമയിലെ ചില സംഭാഷണങ്ങള്‍ ഗ്രാമവാസികളെ അവഹേളിക്കുന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടതിലാണ്‌ നാട്ടുകാരുടെ പ്രതിഷേധം. ചുരുളിക്കാര്‍ ആഭാസന്‍മാരല്ലെന്നും നിയമസഭാ ചരിത്രത്തില്‍ വരെ സ്ഥാനം പിടിച്ച പശ്ചാത്തലവുമാണ്‌ ചുരുളിക്കുള്ളതെന്നും ഇവിടുത്തുകാര്‍ പറയുന്നു. ഒരു മദ്യശാല പോലുമില്ലാത്ത മലയോര ഗ്രാമമാണ്‌ ചുരുളി. എന്നാല്‍ ഗ്രാമത്തിന്റെ മുഖച്‌ഛായയ്‌ക്കു കളങ്കം വരുത്തുന്ന രീതിയിലാണ്‌ ചിത്രത്തിലുടനീളം പദ പ്രയോഗമെന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്.

  1960 കളില്‍ ജീവിക്കാന്‍ വേണ്ടി ചുരുളി കീരിത്തോട്ടില്‍ കുടിയേറിയ കര്‍ഷകരെ ഇറക്കിവിടാന്‍ സര്‍ക്കാര്‍ ബലപ്രയോഗം നടത്തിയിരുന്നു. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാര്‍ജ്‌ അടക്കമുള്ള പീഡനങ്ങള്‍ക്ക്‌ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഗ്രാമവാസികള്‍ ഇരയായി. ഇതിനെതിരെ എകെജി, ഫാ. വടക്കന്‍, മത്തായി മാഞ്ഞൂരാന്‍ എന്നിവരടക്കമുള്ളവര്‍ കീരിത്തോട്ടിലും ചുരുളിയിലും സമരം നടത്തി. കുടിയിറക്കിനെതിരെ എകെജി നിരാഹാരം കിടന്നു. അങ്ങനെ ഏറെ ത്യാഗം സഹിച്ച്‌ നേടിയെടുത്ത ഗ്രാമമാണ്‌ ചുരുളി.

  Also Read- Churuli | OTT പ്ലാറ്റ്‌ഫോം വഴി വരുന്ന 'ചുരുളി' സിനിമ സര്‍ട്ടിഫൈഡ് പതിപ്പല്ല; സെന്‍സര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍

  മലയോര കര്‍ഷകര്‍ക്ക്‌ മൊത്തം അപമാനം വരുത്തി വയ്‌ക്കുന്നതാണ്‌ ചുരുളി സിനിമയെന്നാണ്‌ വിമര്‍ശനം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍പ്പെട്ട ചുരുളിയില്‍ നാനാജാതി മതസ്ഥരായ നൂറുകണക്കിനു കുടുംബങ്ങളാണ്‌ തിങ്ങിപ്പാര്‍ക്കുന്നത്‌. അര നൂറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതി ചുരുളി സെന്റ തോമസ്‌ പള്ളിയും ഗുരുമന്ദിരവും മുസ്ലിം പള്ളിയും സര്‍വ മത സാഹോദര്യം വിളിച്ചോതി തോളുരുമ്മി നില്‍ക്കുന്നു.

  പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള സ്കൂളും ആശുപത്രിയും വായനശാലയുമെല്ലാം ചുരുളിയുടെ തിലകക്കുറിയായി ഇന്നും നിലകൊള്ളുന്നു. സിനിമ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നാട്ടിലും വിദേശത്തുമുള്ള ബന്ധുക്കളുമെല്ലാം ഇതാണോ ചുരുളിക്കാരുടെ സംസ്‌കാരമെന്ന്‌ വരെ ചോദിക്കാന്‍ തുടങ്ങിയെന്ന്‌ ഗ്രാമവാസികള്‍ പറയുന്നു.

  Also Read- Churuli| ഷാപ്പിൽ ഭക്തിഗാനം; 'ചുരുളി' സിനിമക്കെതിരെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം

  സിനിമയിലെ തങ്ങളുടെ ഗ്രാമത്തിന്‌ അപമാനമുണ്ടാക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്‌ സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാന് നിവേദനം കൊടക്കാനൊരുങ്ങുകയാണ്‌ ചുരുളിക്കാര്‍.

  നേരത്തെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ (Subhananda Gurudeva Believers) ചുരുളി സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ശുഭാനന്ദഗുരു എഴുതിയ ''ആനന്ദം പരമാനന്ദമാണ് എന്റെ കുടുംബം" എന്ന കീർത്തനം സിനിമയിൽ ആശ്രമത്തിന്റെ അനുവാദം കൂടാതെ ഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ് വിശ്വാസികൾ പ്രതികരിക്കാൻ ഇടയാക്കിയത്.
  Published by:Rajesh V
  First published: