കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ സൗരോര്‍ജ ബോട്ട് മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാന്‍ ധാരണയായി. ഇതുസംബന്ധിച്ച ധാരണാപത്രം സിയാലും മുസിരീസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡും തമ്മില്‍ ഒപ്പുവച്ചു. സൗരോര്‍ജ ഉത്പാദനത്തിലും വിനിയോഗത്തിലും പുതിയ മാതൃക സൃഷ്ടിച്ച സിയാല്‍ ഈ വര്‍ഷമാദ്യം 24 സീറ്റുള്ള സൗരോര്‍ജ ബോട്ട് സ്വന്തമാക്കിയിരുന്നു.
സിയാലിന്റെ ഉപകമ്പനിയായ കേരളവാട്ടര്‍വേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി പശ്ചിമതീര കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. കനാലിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സിയാലിന്റെ സൗരോര്‍ജ ബോട്ടില്‍ യാത്ര ചെയ്തുകൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു.
15 സോളാര്‍ പാനലുകള്‍ ബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്. പകല്‍സമയം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വെളിച്ചക്കുറവുണ്ടെങ്കില്‍ വൈദ്യുതി ചാര്‍ജിങ് നടത്താവുന്നതാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 5 മണിക്കൂര്‍ ബോട്ട് ഓടും. 45 സെന്റീ മീറ്റര്‍ മാത്രം ആഴമുള്ള ജലാശയങ്ങളില്‍പ്പോലും യാത്ര സാധ്യമാക്കുന്ന തരത്തിലാണ് ബോട്ടിന്റെ രൂപകല്‍പ്പന.
സംസ്ഥാനത്ത് വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വ് കണ്ടുതുടങ്ങിയ സാഹചര്യത്തില്‍, കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ, ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് സിയാലിന്റെ ബോട്ട് മുസിരീസ് പൈതൃക യാത്രാ സര്‍ക്യൂട്ടില്‍ ഉപയോഗിക്കാനായി നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.