കോഴിക്കോട്: പേരാമ്പ്ര മത്സ്യമാർക്കറ്റിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ എസ് ടി യു വിന് പിന്നാലെ സിഐടിയുവും രംഗത്ത്. മാർക്കറ്റിനകത്ത് മത്സ്യ കച്ചവടം നടത്തുന്ന സിഐടിയു പ്രവർത്തകരാണ് സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സംയുക്ത മത്സ്യവിതരണ തൊഴിലാളിയൂണിയനെന്ന നിലയിൽ സിഐടിയു എസ് ടി യു പ്രവർത്തകർ യോഗം ചേർന്നു.
മാർക്കറ്റിൽ ജോലിക്കായി എത്തിയ സി.ഐ.ടി.യു. പ്രവർത്തകരും മാർക്കറ്റിലെ എസ്.ടി.യു. പ്രവർത്തകരുമാണ് വ്യാഴാഴ്ച രാവിലെ ഏറ്റുമുട്ടിയിരുന്നത്. മത്സ്യമാർക്കറ്റ് തുറന്നുപ്രവർത്തിക്കണമെന്നും തൊഴിൽസുരക്ഷ ഉറപ്പാക്കണമെന്നും സംയുക്ത മത്സ്യവിതരണതൊഴിലാളി യൂണിയൻ യോഗം ആവശ്യപ്പെട്ടു.
മത്സ്യവിൽപ്പനകേന്ദ്രത്തെ തകർക്കാനും തൊഴിൽ നഷ്ടപ്പെടുത്താനും മാർക്കറ്റിൽ വന്നവരെ നിലവിലെ തൊഴിലാളികൾ ഒരുമിച്ചാണ് തടഞ്ഞതെന്നും ഇതിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ഇവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 120-ൽപരം തൊഴിലാളികൾ മത്സ്യവിതരണം നടത്തുന്ന മത്സ്യമാർക്കറ്റിൽ 27 പേർ സി.ഐ.ടി.യു. പ്രവർത്തകരാണ്.
മത്സ്യമാർക്കറ്റിൽ തൊഴിൽ, ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ജനപ്രതിനിധിതന്നെ മറ്റുതൊഴിലുകളിൽ ഏർപ്പെടുന്നവരെ കൂട്ടി മാർക്കറ്റിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് യോഗം ആരോപിച്ചു. എസ്.ടി.യു. യൂണിറ്റ് പ്രസിഡന്റ് എം.കെ.സി. കുട്ട്യാലി സി.ഐ.ടി.യു. യൂണിറ്റ് പ്രസിഡന്റ് പി.വി. മൊയ്തീൻ എന്നിവർ സംസാരിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് കേസുള്ള സിപിഎം നേതാവ് വി കെ പ്രമോദിനെതിരെ മാർക്കറ്റിൽ ജോലി ചെയ്യുന്ന സി ഐ ടി യു പ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. മത്സ്യ മാർക്കറ്റിലെ അക്രമവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിലധികവും സിഐടിയു പ്രവർത്തകർക്കെതിരെയാണ്. ഒരാളെ അറസ്റ്റും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CPM Kozhikkode, Fish stall