പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകരുടെ ജീവന് അതിസാഹസികമായി രക്ഷപ്പെടുത്തിയ പോലീസ ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് സേനയുടെ അഭിനന്ദനം. പെരുവണ്ണാമൂഴി സ്വദേശിയായ സിവില്‍ പോലീസ് ഓഫീസര്‍ ഇ.എം സുഭാഷാണ് കയത്തില്‍ അകപ്പെട്ട 3 തീര്‍ത്ഥാടകര്‍ക്ക് രക്ഷകനായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം നടന്നത്.
വൈകുന്നേരം ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് അന്നദാന മണ്ഡപത്തിന് സമീപത്തുള്ള കുളികടവിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പഭക്തർ താഴ്ന്ന് പോവുന്നത് സുഭാഷ് കണ്ടത്. രണ്ടുപേർ കയത്തിലകപ്പെട്ടപ്പോൾ രക്ഷിക്കാനെത്തിയ മൂന്നാമത്തെയാളും താഴ്ന്നുപോകുകയായിരുന്നു. വേഗം കയ്യിലെ പേഴ്സും വയർലെസ് സെറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് സുഭാഷ് പമ്പാ നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തി.
കർണാടക സ്വദേശികളായ ശ്രീധറും (32) ചന്ദുവും (23) ഗൗതവും (20) ആയിരുന്നു നദിയിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അപകടമേഖലയായതിനാൽ നേരത്തേതന്നെ നിയന്ത്രണമുള്ള സ്ഥലത്താണ് അയ്യപ്പന്മാർ ഇറങ്ങിയത്. സുഭാഷിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വലിയൊരു ദുരന്തം ഇല്ലാതായത്.
പുഴയിൽച്ചാടുമ്പോൾ എടുത്തുവെക്കാൻമറന്ന ഫോൺ നഷ്ടപ്പെട്ടെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായതിന്റെ സംതൃപ്തിയോടെയാണ് പത്തുദിവസത്തെ ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കി സുഭാഷ് മടങ്ങിയത്.
15 വർഷമായി കേരള പോലീസിൽ അംഗമായ സുഭാഷ് ഇപ്പോൾ വടകര പോലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. മുന്‍പ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിരുന്നു. പെരുവണ്ണാമൂഴി പന്നിക്കോട്ടൂർ സ്വദേശിയായ സുഭാഷ് പേരാമ്പ്ര എരവട്ടൂർ ഏരത്ത് മുക്കിൽ എരഞ്ഞോളി മീത്തൽ ആരാമം വീട്ടിലാണ് താമസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.