HOME » NEWS » Kerala » CK CHANDRAPPAN 9TH DEATH ANNIVERSARY

'ശരി മാത്രം ശീലിച്ച ഒരാള്‍' ; സി.കെ.ചന്ദ്രപ്പന്റെ ഒമ്പതാം ചരമവാർഷികദിനത്തിൽ കാനം രാജേന്ദ്രൻ

കമ്യൂണിസ്റ്റ് നേതാവ് സികെ കുമാരപ്പണിക്കരുടേയും അമ്മുക്കുട്ടിയമ്മയുടേയും മകനായ സികെ ചന്ദ്രപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്.

News18 Malayalam | news18-malayalam
Updated: March 22, 2021, 8:56 AM IST
'ശരി മാത്രം ശീലിച്ച ഒരാള്‍' ; സി.കെ.ചന്ദ്രപ്പന്റെ ഒമ്പതാം ചരമവാർഷികദിനത്തിൽ കാനം രാജേന്ദ്രൻ
C. K. Chandrappan
  • Share this:
സിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സികെ ചന്ദ്രപ്പൻ ഓർമയായിട്ട് ഇന്ന് ഒമ്പത് വർഷം. ശരിമാത്രം ശീലിച്ച ഒരാൾ എന്നാണ് സി കെ ചന്ദ്രപ്പന് നന്നായി ചേരുന്ന വിശേഷണമെന്ന് ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നു.

ഒരു മാതൃകാ കമ്മ്യൂണിസ്റ്റുകാരന്റെ ശീലം എന്തായിരിക്കണം എന്ന കാര്യത്തിൽ നല്ല നിശ്ചയങ്ങൾ നിലനിന്ന കാലത്തിന്റെ സന്തതിയായിരുന്നു ചന്ദ്രപ്പൻ. നിലപാടുകളിൽ കാർക്കശ്യമുള്ള ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ സുദൃഢമായും സൗമ്യമായും പറയുന്ന നേതാവ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ പാതകളിലേക്കിറങ്ങിയ സി കെ ഉശിരാർന്ന പോരാട്ടത്തിന്റെ കനൽവഴികൾ താണ്ടിയത് സമാനതകളേറെയില്ലാത്ത ചരിത്രമാണെന്നും ലേഖനത്തിൽ കാനം രാജേന്ദ്രൻ പറയുന്നു.

വിമോചന സമരങ്ങളിൽ ഭാഗമായ സികെ ചന്ദ്രപ്പൻ കൽതുറങ്കുകൾക്ക് പോലും തകർക്കാനാകാത്ത സമരവീര്യമായിരുന്നുവെന്ന് കാനം രാജേന്ദ്രൻ എഴുതുന്നു. ഇന്ത്യ കൈവരിച്ച മതേതരമൂല്യങ്ങളെ തല്ലിക്കെടുത്താൻ ശ്രമങ്ങൾ നടക്കുന്ന സമയത്ത് ചന്ദ്രപ്പന്റെ സ്മരണ വരുംകാല പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്നും കാനം രാജേന്ദ്രൻ.

2012 മാർച്ച് 22 ന് 75ാം വയസ്സിൽ അർബുദരോഗത്തിന് ചികിത്സയിലായിരിക്കേയാണ് സികെ ചന്ദ്രൻ വിടവാങ്ങുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സികെ ചന്ദ്രപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ മഹാരജാസ് കോളേജിൽ വിദ്യാസം നിഷേധിക്കപ്പെട്ടിരുന്നു. മഹാരാജാസിൽ ഇന്റർമീഡിയറ്റ് പഠനം കഴിഞ്ഞ ചന്ദ്രപ്പന് സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ ബിരുദ പഠനത്തിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബിരുദവും തിരുവനനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

കമ്യൂണിസ്റ്റ് നേതാവ് സികെ കുമാരപ്പണിക്കരുടേയും അമ്മുക്കുട്ടിയമ്മയുടേയും മകനായ സികെ ചന്ദ്രപ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ട സികെ ചന്ദ്രപ്പന്റെ പിതാവ് പുന്നപ്ര-വയലാർ സമരത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. 1936 നവംബർ 11 ന് ജനിച്ച സികെ ചന്ദ്രപ്പൻ 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. എ.ഐ.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

Also Read-'എന്തൊരു മാധ്യമ ധര്‍മ്മമാണിത്?': അഭിപ്രായ സര്‍വെകൾക്കെതിരെ രമേശ് ചെന്നിത്തല

ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള നിയമസഭയുടെയും ലോക്‌സഭയുടെയും ബഹുമതികൾക്ക് നേടിയ സഖാവ് 1971 ൽ തലശേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് ആദ്യം പാർലമെന്റിൽ എത്തുന്നത്. പിന്നീട് 1977 ൽ കണ്ണൂരിൽ നിന്നും 2001 ൽ തൃശൂരിൽ നിന്നും മത്സരിച്ച് പാർലമെന്റിൽ എത്തി. ഒരു തവണ സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1991 ൽ ചർത്തലയിൽ വയലാർ രവിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. 1987 ൽ ഇതേ മണ്ഡ‍ലത്തിൽ വയലാർ രവിയോട് പരാജയപ്പെട്ടിരുന്നു. 1996 തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും എകെ ആന്റണിയോട് പരാജയപ്പെട്ടു.

ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി, റോമിൽ നടന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സമ്മേളനം, ലോക യുവജന ഫെഡറേഷൻ സമ്മേളനങ്ങൾ തുടങ്ങി പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും ചന്ദ്രപ്പൻ പങ്കെടുത്തിരുന്നു.
Also Read-‘എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ല’; കടകംപള്ളിയുടെ ശബരിമല ഖേദ പ്രകടനത്തിൽ മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും അഖിലേന്ത്യാ വർക്കിംഗ് വിമൻസ് നേതാവുമായ ബുലു റോയ് ചൗധരിയാണ് ഭാര്യ. 2016 ഫെബ്രുവരിയിലായിരുന്നു ബുലു റോയിയുടെ അന്ത്യം. 70 കളിൽ ചന്ദ്രപ്പൻ ഡൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കാലത്താണ് ബുലു റോയിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി.

ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത ചന്ദ്രപ്പൻ നിരവധി വിദ്യാർത്ഥി-യുവജന സമരങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. സമരപോരാട്ടങ്ങളെ തുടർന്ന് തീഹാർ കൊൽക്കത്ത എന്നിവിടങ്ങളിലും കാരാഗൃഹവാസം അനുഭവിച്ചു.
Published by: Naseeba TC
First published: March 22, 2021, 8:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories