• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇരട്ടക്കൊലപാതകത്തിലേക്ക് തുടക്കമിട്ടത് കോളേജ് വിദ്യാര്‍ത്ഥികളുടെ തര്‍ക്കം

ഇരട്ടക്കൊലപാതകത്തിലേക്ക് തുടക്കമിട്ടത് കോളേജ് വിദ്യാര്‍ത്ഥികളുടെ തര്‍ക്കം

മുന്നാട് പീപ്പിള്‍സ് കോളജില്‍ ഉണ്ടായ ചെറിയ അഭിപ്രായ വ്യത്യാസമാണ് പെരിയ മേഖലയുടെ സമാധാനം തകര്‍ക്കുന്ന വിധത്തില്‍ വളര്‍ന്നത്

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

  • Last Updated :
  • Share this:
    കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ കലാശിച്ച തര്‍ക്കം ആരംഭിച്ചത് കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നായിരുന്നു. മുന്നാട് പീപ്പിള്‍സ് കോളജില്‍ ഉണ്ടായ ചെറിയ അഭിപ്രായ വ്യത്യാസമാണ് പെരിയ മേഖലയുടെ സമാധാനം തകര്‍ക്കുന്ന വിധത്തില്‍ വളര്‍ന്നത്.

    മുന്നാട് പീപ്പിള്‍സ് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതോടെയാണ് പെരിയയില്‍ ആക്രമസംഭവങ്ങള്‍ ആരംഭിക്കുന്നത്. കോളജിലെ എസ്എഫ്ഐ കെഎസ്‌യു സംഘര്‍ഷത്തെ യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ കോളേജിന് പുറത്തേക്ക് സംഘര്‍ഷം വളരുകയും ചെയ്തു.

    Also Read: കലിയടങ്ങാതെ കാസര്‍കോട്; പെരിയയില്‍ CPM പ്രവര്‍ത്തകന് വെട്ടേറ്റു

     

    കെഎസ്‌യു പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതിനു മറുപടിയായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ആക്രമിക്കപ്പെട്ടു. പീതാംബരനെ ആക്രമിച്ച കേസില്‍ ശരത്ലാല്‍ ഉള്‍പ്പെടെ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാവുകയും ചെയ്തു. ഇവര്‍ പുറത്തിറങ്ങിയ ഉടനെ ആയിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം.

    സിപിഎം നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ശരത്‌ലാലിനും കൃപേഷിനും ഭീഷണി ഉണ്ടായിരുന്നതായി നാട്ടുകാര്‍ സ്ഥിരീകരിക്കുന്നു. ഭീഷണിയെപറ്റി ഇവര്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയുകയും ചെയ്തിരുന്നു.

    Also Read: മരണത്തിലും വേര്‍പിരിയാതെ കൃപേഷും ശരത്തും; അന്ത്യവിശ്രമമൊരുക്കിയതും അടുത്തടുത്ത്

    തികച്ചും പ്രാദേശികമായ പ്രശ്നത്തിന്റെ പേരില്‍ ഉണ്ടായ അടിയും തിരിച്ചടിയും നിരീക്ഷിക്കുന്നതില്‍ പൊലീസിനും ഗുരുതര വീഴ്ച വന്നുവെന്നാണ് ആരോപണം. കേസില്‍ ജാമ്യത്തിലിറങ്ങിയവര്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത പൊലീസ് പരിഗണിച്ചിരുന്നില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു രണ്ടുയുവാക്കളും ക്രൂരമായി കൊല്ലപ്പെടുന്നത്.

    യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തോടെ പെരിയയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെ പെരിയബസാറില്‍ സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു. അരവിന്ദന്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. കല്യോട്ട് കടകള്‍ക്ക് നേരെ അക്രമം നടത്തിയ സംഘമാണ് അരവിന്ദനെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    പെരിയബസാറില്‍ പ്രതിഷേധക്കാര്‍ എകെജി ഭവന് തീയ്യിടുകയും ചെയ്തിരുന്നു. ഇവിടത്തെ ഗ്രന്ഥശാല പൂര്‍ണമായും കത്തി നശിച്ചു. വിലാപ യാത്ര എത്തിയതിനൊപ്പം പെരിയയില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. ജില്ലയില്‍ വന്‍ പോലീസ് സന്നാഹമാണ് ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്.

    First published: