കോഴിക്കോട്: മുഖ്യമന്ത്രിയുടെ (CM pinarayi Vijayan)രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച (Yuva Morcha) കോഴിക്കോട് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ ആളു കുറഞ്ഞതിനെച്ചൊല്ലി സംഘടനയില്‍ വിവാദം. മാര്‍ച്ചില്‍ പങ്കെടുക്കാതെ സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയും ഭാരവാഹികളും വിവാഹത്തിന് പോയെന്ന് ജില്ലാ പ്രസിഡണ്ട് ടി റനീഷ് ആരോപിച്ചു. കോഴിക്കോട് ജില്ലക്കാരായ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും റനീഷ് ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പതിനാണ് യുവമോര്‍ച്ച കോഴിക്കോട് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞ സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ എത്തിയില്ല. മാര്‍ച്ചില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രം. ജില്ലാ കമ്മിറ്റിക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ പ്രസിഡന്റ് റനീഷ് സംഘടനയുടെ വാട്സപ്പ് ഗ്രൂപ്പില്‍ നല്കിയ മറുപടിയാണ് പുറത്തായത്. മാര്‍ച്ച് പരാജയപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നും കോഴിക്കോട്ടുകാരായ സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണയും ട്രഷറര്‍ അനൂപും ഭാരവാഹികളും മാര്‍ച്ചില്‍ പങ്കെടുക്കാതെ വിവാഹത്തിന് പോയെന്നും റനീഷ് ആരോപിക്കുന്നു.
Also Read-ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അശ്ളീല വീഡിയോയ്ക്ക് ശ്രമിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ
റനീഷിന്റെ ശബ്ദ സന്ദേശത്തിലെ ആരോപണങ്ങള്‍..
'എന്തായാലും നാറി. ഇനി കാര്യങ്ങള്‍ എല്ലാവരും അറിയിട്ടെ. നമ്മുടെ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ട്രഷററും എങ്ങനെയാണ് ചുമതലയിലെത്തിയത്, എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് എല്ലാവര്ക്കും അറിയാം. ഞാന്‍ ജില്ലാ പ്രസിഡണ്ടായ ആദ്യ ടേമില്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വം അറിയാതെ കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ പരിപാടി നടത്തി. അന്ന് തന്നെ ജില്ലാ കമ്മിറ്റിയുടെയും പരിപാടിയുണ്ടായിരുന്നു. അന്ന് സഹസംഘടനാ സെക്രട്ടറി സുഭാഷിന്റെ നേതൃത്വത്തില്‍ പ്രസിഡണ്ടുമായി ഇരുന്ന് ഇനി അങ്ങിനെ ഉണ്ടാവില്ലെന്ന് തീരുമാനിച്ചു.
Also Read-'ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നീണ്ട താടി' അപമാനമെന്ന് പ്രതിപക്ഷം; മൂവാറ്റുപുഴ നഗരസഭ കൗൺസിലിൽ കയ്യാങ്കളി
രണ്ടാമത്തെ ടേമില്‍ വീണ്ടും ഞാന്‍ ജില്ലാ പ്രസിഡണ്ടായി വന്നു. ആദ്യസമയത്ത് സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ ആളുകളെ ആരെയും അടുപ്പിച്ചിട്ടില്ലായിരുന്നു. എന്നാല്‍ രണ്ടാം ടേമില്‍ നല്ല രീതിയില്‍ മുന്നോട്ടുപോകേണ്ടതുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയും അധ്യക്ഷനും പറഞ്ഞയാളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി പുനസംഘടിപ്പിച്ചത്. പക്ഷെ അങ്ങിനെ ഉള്‍പ്പെടുത്തിയ ആളുകളാരും പരിപാടികളില്‍ പങ്കെടുക്കുന്നില്ല.
ഇവരെ കമ്മിറ്റിയില്‍ എടുക്കുമ്പോഴേ ഞാന്‍ പറഞ്ഞതാണ് ഗ്രൂപ്പ് പാടില്ലെന്ന്. അത്തരത്തില്‍ ഉള്ളവര്‍ മനപ്പൂര്‍വ്വം സംഘടനയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
കോഴിക്കോട് കലക്ടറേറ്റിലേക്ക് സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരമാണ് മാര്‍ച്ച് നടത്തിയത്. അദ്ദേഹം വിളിച്ച ഗൂളില്‍ മീറ്റിലാണ് ആളുകളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ എന്താണ് സംഭവിച്ചത്? സംസ്ഥാന അധ്യക്ഷനും സംസ്ഥാന ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി അംഗത്തെയും കൂട്ടി വിവാഹച്ചടങ്ങിന് പോയി. സംസ്ഥാന നേതാക്കളുടെയൊക്കെ നാട്ടില്‍ സംഘടനക്ക് യൂണിറ്റ് കമ്മിറ്റികളുണ്ടോ, മണ്ഡലം കമ്മിറ്റിയുണ്ടോ, ആരാണ് ഇതിന് ഉത്തരവാദി. ഒരാളെ പോലും കൊണ്ടുവരില്ല, ആരെയും സംഘടിപ്പിക്കില്ല, എന്നിട്ട് ഗ്രൂപ്പ് കളിച്ച്, മണ്ഡലം പ്രസിഡണ്ടുമാരുടെ വീട്ടില്‍ നേരിട്ട് പോയി ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുകയാണ്.
ഗ്രൂപ്പോ ഫ്രണ്ട്ഷിപ്പോ ആയിക്കോ പക്ഷെ സംഘടനയില്‍ കുഴപ്പമുണ്ടാവരുത്. സോഷ്യല്‍ മീഡിയയില്‍ ആണ് സംഘടന വളര്‍ന്നത്. അതിന്റെ അവസ്ഥ ഇപ്പോ കാണുന്നുമുണ്ട്. കോഴിക്കോട് യുവമോര്‍ച്ചയെ നശിപ്പിക്കാനാണ് ശ്രമം. ഗ്രൂപ്പ് റക്കമന്റേഷനില്‍ വന്നവര്‍ ഗ്രൂപ്പ് കളിച്ച് നശിപ്പിക്കുന്നു. ഇനി അങ്ങോട്ടും ഇങ്ങോട്ടും യുദ്ധം ചെയ്ത് നശിപ്പിക്കാന്‍ ആണ് തീരുമാനമെങ്കില്‍ അങ്ങിനെയും ആയിക്കോട്ടെ. കഷ്ടപ്പെട്ട് വളര്‍ന്ന സംഘടനയെ ഇപ്പോള്‍ പൂജ്യത്തില്‍ എത്തിച്ചിട്ടുണ്ടല്ലോ എല്ലാവരും ചേര്‍ന്ന്. ഇനി അത് നശിപ്പിക്കാന്‍ ആണ് തീരുമാനമെങ്കില്‍ ആയിക്കോട്ടെ. ആരെയും പെട്ടി താങ്ങി യുവമോര്‍ച്ചയുടെ ചുമതലയില്‍ വന്ന ആളല്ല. അതുകൊണ്ട് പേടിയില്ല. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് തെറിപ്പിച്ചാലും പ്രശ്നമില്ല. എല്ലാവരും അറിയട്ടെ.- ഇങ്ങിനെ പോകുന്നു റനീഷിന്റെ വിമര്‍ശനങ്ങള്‍...
അതേസമയം ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളതുകൊണ്ടാണ് മാര്‍ച്ചില്‍ നിന്ന് മാറിനിന്നതെന്നാണ് മറുവിഭാഗത്തിന്റെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Yuva morcha