• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ

'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ

ഓണസദ്യ മാലിന്യത്തിൽ കളഞ്ഞവരെ അഹങ്കാരികളായും പാപികളായും മുദ്രകുത്തിക്കഴിഞ്ഞു, എന്നാൽ അവർക്ക് പറയാനും ചിലതുണ്ട്.

  • Last Updated :
  • Share this:
പ്രളയവും കോവിഡും എല്ലാം കഴിഞ്ഞ് എത്തിയ പൊന്നോണമാണ് ഇത്തവണത്തേത്. വലിയ ആശങ്കകളൊന്നും മുന്നിലില്ലാതെ ഓണം വന്നിട്ട് വർഷം മൂന്ന് കഴിഞ്ഞു. അതുകൊണ്ട് ഇത്തവണത്തെ ഓണം കേരളവും മലയാളികളും ഗംഭീരമായി തന്നെ കൊണ്ടാടുകയാണ്. അതിനിടയിലാണ് ഓണസദ്യ മാലിന്യത്തിൽ തള്ളിയെന്ന വാർത്ത പുറത്തു വരുന്നത്. ഓണാഘോഷത്തിന് ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് മാലിന്യ തൊഴിലാളികൾ ഓണസദ്യ വലിച്ചെറിഞ്ഞു എന്നായിരുന്നു വാർത്ത. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനു പിന്നാലെ തൊഴിലാളികൾക്കെതിരെ നടപടിയും വന്നു. ഓണക്കാലത്ത് തൊഴിൽരഹിതരായി പ്രതിഷേധിച്ചവർ വീട്ടിലിരിപ്പായി.

ഓണസദ്യ മാലിന്യത്തിൽ കളഞ്ഞവരെ അഹങ്കാരികളായും പാപികളായും മുദ്രകുത്തിക്കഴിഞ്ഞു, എന്നാൽ അവർക്ക് പറയാനും ചിലതുണ്ട്. മനസ്സ് വേദനിച്ച് അപമാനിതരായി മടങ്ങിപ്പോകേണ്ടി വന്ന, ഇപ്പോൾ തൊഴിലും നഷ്ടപ്പെട്ട ഓണക്കാലത്തെ കുറിച്ച്.

തിരുവനന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളിയാണ് ഓണാഘോഷത്തിന്റെ ദിവസം നടന്ന കാര്യങ്ങൾ വിശദീകരിക്കുന്നത്.

Also Read-ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; 8 ശൂചീകരണ തൊഴിലാളികള്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

"ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികളാണ് ഞങ്ങൾ, മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചാലയിൽ ജോലിഭാരം കൂടുതലാണ്. കൊറോണ കാരണം ജോലിക്ക് കയറിയ സമയത്ത് രണ്ട് വർഷം ഓണാഘോഷം ഒന്നുമുണ്ടായിരുന്നില്ല, ഇത്തവണ ആദ്യത്തെ ഓണമായതിനാൽ ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു. അതിനുള്ള അനുമതിയും നേരത്തേ വാങ്ങിയതാണ്.

പക്ഷേ, അന്ന് നടന്ന കാര്യങ്ങളും അതിനു ശേഷമുണ്ടായതും ഓർക്കുമ്പോൾ ആകെ പ്രയാസമാണ്. മനസ്സ് മടുത്താണ് ഇരിക്കുന്നത്. ഭക്ഷണം കഴിക്കാനോ കുളിക്കാനോ പോലും മനസ്സില്ലാതായി. ഓർക്കുമ്പോ വിഷമാണ്. നാളെ തിരുവോണമായിട്ടും സന്തോഷമില്ല."

നടപടി നേരിട്ട ജീവനക്കാരിൽ ഒരാൾ ന്യൂസ് 18 മലയാളത്തോട് പറയുന്നു

"ഓണപ്പരിപാടിക്കായി നേരത്തേ 200 രൂപ കൊടുത്തിരുന്നു. അനുമതി മുൻകൂട്ടി വാങ്ങിയതിനാൽ സദ്യയും നേരത്തേ തന്നെ വിളിച്ച് ഏർപ്പാടാക്കി. അത്യാവശ്യമുള്ള ജോലികളെല്ലാം തീര്‍ത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. നേരത്തേ ജോലിക്ക് കയറി കലാപരിപാടികളൊക്കെ കഴിഞ്ഞ് സദ്യയും കഴിച്ച് വീട്ടിൽ പോകാമെന്നായിരുന്നു കരുതിയത്. അതുകൊണ്ട് അന്ന് നേരത്തേ തന്നെ ജോലിക്ക് എത്തി.

എല്ലാം കഴിഞ്ഞ് ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴാണ് ടിപ്പറിൽ പോയി ഓട മാലിന്യം നീക്കണമെന്ന് പറയുന്നത്. ആ റൂട്ടിൽ ദിവസവും പോകുന്നതാണ്. പരിപാടിയുടെ തലേദിവസവും പോയി വൃത്തിയാക്കിയതാണ്. മനുഷ്യന്റെ മാലിന്യം വരെ വാരുന്നുണ്ട് ഞങ്ങൾ. അന്നൊരു ദിവസം ഞങ്ങൾക്ക് ഇളവ് തന്നില്ല. പൂക്കളം ഇടാൻ ഒന്നോ രണ്ടോ പേർ മാത്രം നിന്നിട്ട് ബാക്കി എല്ലാവരും പോകാനാണ് പറഞ്ഞത്. അങ്ങനെ ഞങ്ങള് പോയി.

10.30 ന് തന്നെ സാറന്മാര് ലഞ്ച് പൊതിയുമായിട്ട് വന്നു. ഇടയിൽ ഹെൽത്ത് ഇൻസ്പെക്ടർ എത്തി പൂക്കളത്തിന്റെ ഫോട്ടോ എടുത്തു പോയി. ഇതിനിടയിൽ ജെസിബിയിൽ കലാപാരിപാടിക്ക് തീരുമാനിച്ചയിടത്ത് വേസ്റ്റ് വലിച്ചിട്ടിരുന്നു. അതോടെ കലാപരിപാടികളും നടത്താൻ പറ്റില്ലെന്നായി.

ഓടകളിൽ തള്ളുന്ന അറവു മാലിന്യങ്ങൾ നീക്കം ചെയ്യാനായി ബൈപാസ് റോഡിലേക്ക് പോകാനാണ് പറഞ്ഞത്. ആ ജോലി ഏകദേശം 12.30 ആയപ്പോഴേക്കും അവസാനിച്ചു. പക്ഷേ, അത്രയും നാറി നിൽക്കുന്ന ഞങ്ങളെങ്ങനെയാണ് പിന്നീട് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നത്. നിങ്ങൾ ആ ജോലി ഒരിക്കൽ ചെയ്തു നോക്കൂ. അപ്പോൾ ഞങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും."

ഈ സമയത്ത് നേരത്തേ ഓർഡർ ചെയ്ത ഓണസദ്യ വിളമ്പി വെച്ചിരിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥയിൽ ഓണം ആഘോഷിക്കാനോ സദ്യ ഉണ്ണാനോ കഴിയില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നാണ് എല്ലാവരും പറഞ്ഞത്. ബാക്കിയുള്ളത് 11 പേരാണ്. അത്രയും പേർ മടങ്ങിപ്പോയിട്ടും ഞങ്ങൾ വിഷമിച്ച് അപമാനിതരായി ഇരുന്നിട്ടും ആരും ഒരു വാക്ക് പോലും പറഞ്ഞില്ല. ആ സദ്യ ഞങ്ങൾക്ക് കഴിക്കാൻ കഴിയില്ലായിരുന്നു, ആർക്കും കൊടുക്കാനും കഴിയില്ല. അതുകൊണ്ടാണ് കളഞ്ഞത്".

"അത് മാധ്യമങ്ങളിൽ വന്നതുപോലെ വലിച്ചെറിഞ്ഞതൊന്നുമല്ല. അടുത്ത ദിവസം ഞങ്ങൾ തന്നെ വൃത്തിയാക്കേണ്ട എയർബിന്നിലാണ് ഉപേക്ഷിച്ചത്. മറ്റെല്ലാവരും ഓണം ആഘോഷിച്ചു, ഞങ്ങൾക്ക് മാത്രം ഓണം ഇല്ല. കുടുംബത്തിലും ഓണം ഇല്ലാതായി. ആരോടും പരാതിയും പരിഭവവും ഇല്ല. സാറമ്മാര് വിളിപ്പിച്ചാ ഞങ്ങൾക്ക് പറയാനുള്ളത് അവിടെ പറയും."- ഇടറിയ ശബ്ദത്തിൽ പറഞ്ഞവസാനിപ്പിച്ചു.

Also Read-ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം

കോർപ്പറേഷനിലെ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടാണ് മേയർ ഉത്തരവിട്ടത്. നാളെ കേരളം മുഴുവൻ ഓണം ആഘോഷിക്കുമ്പോൾ തലസ്ഥാന നഗരത്തെ വൃത്തിയായി സൂക്ഷിച്ച പതിനൊന്ന് പേരാണ് സമൂഹത്തിന് മുന്നിൽ കുറ്റവാളികളായി കഴിഞ്ഞുകൂടുന്നത്.

വേദനയ്ക്കിടയിൽ അവർ പറഞ്ഞ ഒരുവാക്ക് ഇങ്ങനെയാണ്, "ഭക്ഷണത്തിന്റെ മൂല്യം അറിയില്ലെന്നു പറഞ്ഞ് ഈ ഒരൊറ്റ സംഭവം കൊണ്ട് ഞങ്ങളെ വിലയിരുത്തരുത്. ഞങ്ങൾ‌ പാവപ്പെട്ടവരായതിനാലാണ് ഈ ജോലി തിരഞ്ഞെടുത്തത്".
Published by:Jayesh Krishnan
First published: