തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൈലറ്റ് വാഹനങ്ങളുടെ അകമ്പടി വേണ്ടെന്ന സർക്കാർ തീരുമാനത്തെ പുകഴ്ത്തി ഇപ്പോഴത്തെ മന്ത്രി പി രാജീവ് 2016ൽ ഏഴുതിയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സൈബർ ലോകം. 2016 ജൂൺ 23ന് പി രാജീവ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. അകമ്പടി വാഹനങ്ങളുടെ എണ്ണവും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും കുത്തനെ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൈലറ്റ് വാഹനം ഉപേക്ഷിച്ചതിനെ ശ്ലാഘിച്ച് പി രാജീവ് എഴുതിയ പോസ്റ്റ് ചർച്ചയായത്.
അന്ന് പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. 'മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇനി പൈലറ്റ് വാഹനങ്ങളുടെ അകമ്പടി വേണ്ടെന്ന് ജനകീയ സർക്കാർ തീരുമാനിച്ചു. ഉമ്മൻചാണ്ടിയുടെ ഇസഡ് പ്ലസ് സുരക്ഷയും പിൻവലിച്ചു. വിഐപി സുരക്ഷ പുനരവലോകനം വഴി പിണറായി സർക്കാർ തിരിച്ചെടുക്കുന്നത് അഞ്ഞൂറോളം പൊലീസുകാരെ... ചരിത്രപരമായ തീരുമാനം. ജനകീയ സർക്കാർ മുന്നോട്ട്'.
ഏതായാലും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ എതിരാളികൾ ഈ പോസ്റ്റ് വീണ്ടും ചർച്ചയാക്കുകയാണ്. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷാ അകമ്പടികളെ ട്രോളാൻ വേണ്ടി പി രാജീവിന്റെ 2016-ലെ പോസ്റ്റും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്ക് വിലക്കി സംഘാടകര്‍; മാധ്യമ പ്രവര്‍ത്തകയുടെ മാസ്ക് നിര്‍ബന്ധിച്ച് മാറ്റി
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്ക് ധരിച്ച് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ തടഞ്ഞ് സംഘാടകര്‍. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിനെയാണ് സംഘാടകര്‍ തടഞ്ഞത്. നിര്‍ബന്ധിച്ച് മാസ്ക് അഴിപ്പിച്ച ശേഷം നീല നിറത്തിലുള്ള സര്‍ജിക്കല്‍ മാസ്ക് ഇവര്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് നല്കി. പൊതുപ്രോട്ടോക്കോള്‍ പാലിക്കണം എന്നായിരുന്നു ആവശ്യം. സംഭവം വാര്‍ത്തയായതോടെ നിയന്ത്രണം പിന്‍വലിച്ചു.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായിട്ടാണോ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് മാധ്യമ പ്രവര്‍ത്തക ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്കാന് സംഘാടകര്‍ തയാറായിരുന്നില്ല. അതേസമയം, പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മറ്റ് പലരും കറുത്ത മാസ്ക് ധരിച്ചിരുന്നതായും തനിക്ക് മാത്രമായി ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുതിയതിന്റെ കാരണം വ്യക്തമല്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു.
രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത കോട്ടയത്തെ പരിപാടിയിലും കറുത്ത മാസ്ക് ധരിക്കുന്നതിന് പോലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തുന്നതിനോട് അനുബന്ധിച്ച് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളാണ് കോട്ടയത്ത് പോലീസ് ഏര്‍പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.